'പത്തില്‍ രണ്ട് അക്കങ്ങളുണ്ട്, ഏതെങ്കിലും തിരഞ്ഞെടുക്കാം'; ബജറ്റിന് റേറ്റിങ് നല്‍കി ചിദംബരം

കേന്ദ്രബജറ്റിനെ വിമര്‍ശിച്ചും ബജറ്റിന്റെ ദൈര്‍ഘ്യത്തെ പരിഹസിച്ചും കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി.ചിദംബരം. 1 നും 10 നും ഇടയില്‍ ബജറ്റിനെ റേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ “പത്തില്‍ രണ്ട് അക്കങ്ങളുണ്ട്. ഒന്നും പൂജ്യവും നിങ്ങള്‍ക്ക് അതിലൊന്ന് എടുക്കാമെന്നാ”യിരുന്നു ചിദംബരത്തിന്റെ മറുപടി.

2020-21ല്‍ ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് കൈവരിക്കും എന്ന് നമ്മളെ വിശ്വസിപ്പിക്കാന്‍ കഴിയുന്ന യാതൊന്നും ബജറ്റില്‍ ഇല്ല. അടുത്ത വര്‍ഷം 6 മുതല്‍ 6.5 ശതമാനം വരെ വളര്‍ച്ച കൈവരിക്കുമെന്ന അവകാശവാദം ആശ്ചര്യപ്പെടുത്തുന്നതും നിരുത്തരവാദിത്വപരവുമാണെന്നും ചിദംബരം പറഞ്ഞു.

“പ്രസംഗം അവസാനിക്കാന്‍ 160 മിനിറ്റുകളാണെടുത്തത്. അതുകൊണ്ട് എന്നെപ്പോലെ നിങ്ങളും ക്ഷീണിച്ചുപോയെങ്കില്‍ ഞാന്‍ നിങ്ങളെ കുറ്റം പറയില്ല”- ബജറ്റിന്റെ ദൈര്‍ഘ്യത്തെ വിമര്‍ശിച്ച് ചിദംബരം കൂട്ടിച്ചേര്‍ത്തു.