രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി പരിതാപകാരമെന്ന് പി.ചിദംബരം

രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിനെതിരെ ബി.ജെ.പി സര്‍ക്കാരിനും ധനമന്ത്രി നിര്‍മ്മലാ സീതാരാമനും രൂക്ഷവിമര്‍ശനവുമായി മുന്‍ ധനമന്ത്രി പി.ചിദംബരം.

ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ 106 ദിവസം ജയില്‍വാസത്തിനു ശേഷം ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് വിമര്‍ശനവുമായി അദ്ദേഹം രംഗത്തെത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ജാര്‍ഖണ്ഡിലെ റാഞ്ചിയിലും സാമ്പത്തിക മുരടിപ്പിനെക്കുറിച്ച് വിമര്‍ശനമുന്നയിച്ചിരുന്നു.

8,7,6.6,5.8,5,4.5 എന്നീ സംഖ്യകള്‍ മാത്രം നോക്കിയാല്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മനസിലാക്കാമെന്ന് ചിദംബരം പറഞ്ഞു. കഴിഞ്ഞ ആറ് പാദങ്ങളിലെ ജി.ഡി.പി വളര്‍ച്ചാ നിരക്കാണിത്. രാജ്യത്ത് വര്‍ധിച്ചു വരുന്ന പട്ടിണിയെക്കുറിച്ചും അദ്ദേഹം റാഞ്ചിയില്‍ സംസാരിച്ചു.

ജയിലായിരുന്ന സമയത്ത് ഒഡീഷ, ജാര്‍ഖണ്ഡ്, ചത്തീസ്ഗഢ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള സഹതടവുകാര്‍ക്കും ഇതിനെക്കുറിച്ച് നിയമോപദേശം നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഈ സംസ്ഥാനങ്ങളിലെ പട്ടിണി നിരക്ക് ക്രമാതീതമായി വര്‍ധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ കൂടി വരുകയാണെന്നും ചിദംബരം വിമര്‍ശിച്ചു. ഇന്ത്യയിലെ പലഭാഗങ്ങളിലും ക്രമസമാധാനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. പൊലീസ് എന്താണ് ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു.