'ഡല്‍ഹി കലാപമുണ്ടാക്കിയത് പ്രതിപക്ഷ പാര്‍ട്ടികള്‍'; സി.എ.എ കുറിച്ചുള്ള വസ്തുതാ വിരുദ്ധ പ്രചാരണം തിരിച്ചടിയായെന്ന് അമിത് ഷാ

പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ ഡല്‍ഹി കലാപമുണ്ടാക്കാന്‍ ജനങ്ങളെ പ്രേരിപ്പിച്ചത് പ്രതിപക്ഷ പാര്‍ട്ടികളാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. സി.എ.എ.യിലൂടെ മുസ്ലീംകള്‍ക്ക് പൗരത്വം നഷ്ടപ്പെടുമെന്ന വസ്തുതാ വിരുദ്ധമായപ്രചരണമാണ് പ്രതിപക്ഷം നടത്തുന്നത്. അവര് ജനങ്ങളെ കലാപത്തിനു പ്രേരിപ്പിക്കുകയാണെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. ഒഡിഷയില്‍ നടന്ന റാലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം

ബഹുജന്‍ സമാജ് വാദി പാര്‍ട്ടി,സമാജ് വാദി പാര്‍ട്ടി, കോണ്‍ഗ്രസ്, മമത ദീദി എല്ലാവരും ന്യൂനപക്ഷത്തിന്റെ പൗരത്വം എടുത്തുകളയുന്നതാണ് സി.എ.എ എന്ന് പറയുന്നു. ജനങ്ങളെ തെറ്റിദ്ധരപ്പിച്ചവരോട് പൗരത്വ ഭേദഗതി നിയമത്തിലെ ഏത് വകുപ്പാണ് പൗരത്വം ഇല്ലാതാക്കുന്നതെന്ന് വിശദീകരിക്കാന്‍ ജനങ്ങള്‍ ആവശ്യപ്പെടണമെന്ന് അമിത് ഷാ പറഞ്ഞു.

പുതിയ നിയമം അനുസരിച്ച് മുസ്ലീകള്‍ക്ക് പൗരത്വം നഷ്ടമാകില്ലെന്നും അമിത് ഷാ പറഞ്ഞു. 70 വര്‍ഷത്തോളമായി പരിഹരിക്കപ്പെടാതിരുന്ന നിരവധി പ്രശ്‌നങ്ങള്‍ മോദി സര്‍ക്കാര്‍ പരിഹരിച്ചെന്നും അമിത് ഷാ പറഞ്ഞു.