'നിങ്ങള്‍ കണ്ണു തുറക്കൂ, രാജ്യം ചിതറിപ്പോകുന്നത് കാണൂ...'-ഏഴ് കാരണങ്ങള്‍ കൊണ്ട് രാജ്യം ഇരുണ്ട യുഗത്തിലേക്ക് പോവുകയാണെന്ന് കന്നി പ്രസംഗത്തില്‍ എം. പി മെഹുവ മൊയിത്ര

ലോക്സഭയെ പ്രകമ്പനം കൊള്ളിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയിത്ര. ബംഗാളിലെ കൃഷ്ണനഗറില്‍ നിന്നുള്ള എം.പിയുടെ കന്നിപ്രസംഗമാണ് ചരിത്രമായത്. മോദി സര്‍ക്കാരിനും ബിജെപിക്കുമെതിരെ മൂര്‍ച്ചയേറിയ വാക്കുകള്‍ കൊണ്ട് അക്ഷരാര്‍ത്ഥത്തില്‍ ആക്രമിക്കുകയായിരുന്നു അവര്‍. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് രാജ്യത്തെ സമസ്തമേഖലകളിലും എങ്ങനെ ഫാസിസം വേരാഴ്ത്തി എന്ന് അവര്‍ അക്കമിട്ട് നിരത്തിയപ്പോള്‍ ട്രഷറി ബഞ്ചില്‍ നിന്ന് വിയോജിപ്പിന്റെ അലയൊലികളുയര്‍ന്നെങ്കിലും അവര്‍ തന്റെ പ്രസംഗം തുടര്‍ന്നു.

എല്ലാത്തിലും പ്രധാനപ്പെട്ടത് വിയോജിപ്പാണെന്നു പറഞ്ഞ് തുടക്കമിട്ട അവര്‍ ഇന്ത്യ ഒരു ഫാസിസ്റ്റ് രാജ്യമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ആവര്‍ത്തിച്ച് ആരോപിച്ചു. അത് വ്യക്തമാക്കാന്‍ ഏഴു കാരണങ്ങളും നിരത്തി.

ബി.ജെ.പിയുടെ അമിതമായ ദേശീയതാവാദമാണ് ഒന്നാമത്തെ കാരണം. അപരിചിതരെയും വിദേശികളെയും വെറുക്കുന്ന, ഉപരിപ്ലവും ഇടുങ്ങിയതുമായ ആ ചിന്താഗതി രാജ്യത്തെ വിഭജിക്കുന്നതാണ്, ഒന്നിപ്പിക്കുന്നതല്ല. അതിന്റെ ഫലമായാണ് ഭരണഘടന ഇന്ന് ഭീഷണി നേരിടുന്നത്. മുസ്ലിങ്ങളെ ലക്ഷ്യം വെച്ചു മാത്രമാണ് മോദി സര്‍ക്കാര്‍ ദേശീയ പൗരത്വപ്പട്ടികയും പൗരത്വബില്ലും അടക്കമുള്ളവ കൊണ്ടു വന്നതെന്ന് അവര്‍ ആരോപിച്ചു. അമ്പത് വര്‍ഷം രാജ്യത്ത് ജീവിച്ചവര്‍ ഇന്ന് തെളിവായി ഒരു തുണ്ടു കടലാസ് കാണിക്കേണ്ട ഗതികേടിലാണ്.

ഫാസിസത്തിന്റെ രണ്ടാമത്തെ കാരണമായി മഹുവ പറഞ്ഞത് മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പേരിലുള്ള കുറ്റകൃത്യങ്ങള്‍ നാലുമടങ്ങ് കൂടി. 2017-ല്‍ രാജസ്ഥാനില്‍ പെഹ്ലു ഖാന്റെയും കഴിഞ്ഞയാഴ്ച ജാര്‍ഖണ്ഡില്‍ തബ്രീസ് അന്‍സാരിയുടെയും കൊലകള്‍ അതിന് ഉദാഹരണങ്ങളായി മഹുവ ചൂണ്ടിക്കാട്ടി. ഈ പട്ടിക അവസാനിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.

രാജ്യത്തെ ഏറ്റവും വലിയ അഞ്ചു മാധ്യമസ്ഥാപനങ്ങള്‍ നിയന്ത്രിക്കുന്നത് ഒരാളാണെന്നതാണ് മൂന്നാമത്തെ പ്രശ്‌നം. ഭരണകക്ഷിയുടെ പ്രചാരണത്തിനു വേണ്ടിയാണ് ടെലിവിഷന്‍ ചാനലുകള്‍ പ്രവര്‍ത്തിക്കുന്നത്. മാധ്യമങ്ങളില്‍ പരസ്യത്തിനു വേണ്ടി ചെലവാക്കിയ പണത്തിന്റെ കണക്ക് സര്‍ക്കാര്‍ കാണിക്കട്ടെ. 120-ഓളം പേരെ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ജോലി ചെയ്യിക്കുന്നത് മാധ്യമങ്ങളില്‍ വരുന്ന സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകള്‍ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമാണ്.

ഒരു അജ്ഞാതനായ ശത്രുവുണ്ടെന്നു പറഞ്ഞ് ദേശീയ സുരക്ഷയുടെ പേരില്‍ ഉപദ്രവിക്കുന്നതാണ് നാലാമത്തെ പ്രശ്‌നം. സൈനിക നേട്ടങ്ങള്‍ പോലും ചിലപ്പോള്‍ ഒരാളിലേക്കു ചുരുങ്ങുന്നുവെന്ന് മോദിയെ ലക്ഷ്യം വെച്ച് അവര്‍ പറഞ്ഞു. അതേസമയം ഭീകരാക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു. കശ്മീരിലെ ജവാന്മാരുടെ മരണത്തില്‍ 106 മടങ്ങ് വര്‍ദ്ധനയാണുണ്ടായിരിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സര്‍ക്കാരും മതവും തമ്മില്‍ കൂടി പിണഞ്ഞു കിടക്കുകയാണെന്നുള്ളത്. അതാണ് അഞ്ചാമത്തെ കാരണമായി അവര്‍ ചൂണ്ടിക്കാട്ടിയത്.

ബുദ്ധിജീവികളോടും കലകളോടുമുള്ള അവജ്ഞയും പുച്ഛവുമാണ് ആറാം ലക്ഷണം. വിയോജിപ്പുകള്‍ നിഷ്‌കരുണം അടിച്ചമര്‍ത്തപ്പെടുന്നു. ശാസ്ത്ര അവബോധം ചവറ്റുകുട്ടയിലേക്ക് തള്ളപ്പെടുന്നു. രാജ്യത്തെ ഇരുണ്ട കാലത്തേക്ക് തള്ളിവിടുന്നു. ഇലക്ടറല്‍ സംവിധാനത്തിന്റെ സ്വാതന്ത്ര്യം തകര്‍ക്കപ്പെടുന്നതാണ് ഏഴാം ലക്ഷണം. സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് സംവിധാനമാണ് ജനാധിപത്യം ഉറപ്പു വരുത്തുന്നത്. പക്ഷേ, ഇന്ത്യയില്‍ ഇന്നിപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനുള്ള ഏജന്‍സിയായി മാറിയിരിക്കുന്നു. 60,000 കോടി രൂപയാണ് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ചെലവഴിക്കപ്പെട്ടത്. അതില്‍ 27,000 കോടി രൂപയും ഒരൊറ്റ പാര്‍ട്ടിയാണ് ചെലവാക്കിയതെന്നറിയുമ്പോള്‍ ഇന്ത്യന്‍ ജനാധിപത്യം എത്തി നില്‍ക്കുന്ന അവസ്ഥ പകല്‍ പോലെ വ്യക്തമാണ്.

രണ്ട് വരി കവിത ചൊല്ലിക്കൊണ്ടാണ് മൊയ്ത്ര പ്രസംഗം അവസാനിപ്പിച്ചത്.

“” സഭീ കാ ഖൂന്‍ ഹേ ശാമില്‍ യഹാ കാ മീട്ടി മേ, കിസി കാ ബാപ് കാ ഹിന്ദുസ്ഥാന്‍ തോഡിഹെ .”” ( എല്ലാ വിഭാഗം ജനങ്ങളുടെയും രക്തം ഈ മണ്ണിലുണ്ട്. ആരുടെയും പൈതൃക സ്വത്തല്ല ഈ ഹിന്ദുസ്ഥാന്‍.) അമേരിക്കയിലെ പഠന ശേഷം അവിടെ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കറായി പ്രവര്‍ത്തിച്ചിരുന്ന മെഹുവ കഴിഞ്ഞ തവണത്തെ നിയമ സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ടി എം സി യില്‍ ചേരുകയായിരുന്നു. പിന്നീട് കരിംപൂര്‍ മണ്ഡലത്തില്‍ നിന്ന് എം എല്‍ എ ആയി. ഇപ്പോള്‍ കൃഷ്ണനഗര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്‌സഭയില്‍. 16-ാം വയസില്‍ അമേരിക്കയിലെത്തിയ അവര്‍ അവിടെ സാമ്പത്തിക ശാസ്ത്രവും ഗണിത ശാസ്ത്രവും പഠിച്ച് ജെ പി മോര്‍ഗണ്‍ കമ്പനിയില്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കറായിരുന്നു.