ബി.ജെ.പി മാത്രം പ്രവർത്തിക്കുന്ന ജമ്മു കശ്മീർ; ഒഴിഞ്ഞു കിടക്കുന്നു മറ്റ് പാർട്ടി ഓഫീസുകൾ

ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കാനുമുള്ള ബി.ജെ.പി സർക്കാരിന്റെ തീരുമാനം വന്ന് കേവലം ആഴ്ചകൾ മാത്രം പിന്നിടുമ്പോൾ ബി.ജെ.പി ഒഴികെയുള്ള പാർട്ടികളുടെ ഓഫീസുകൾ എല്ലാം തന്നെ സംസ്ഥാനത്ത് പ്രവർത്തിക്കാതെ ഒഴിഞ്ഞു കിടക്കുകയാണ്.

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 ഓഗസ്റ്റ് 5- ന് ഭേദഗതി ചെയ്തതായി കേന്ദ്രം പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി ഓഗസ്റ്റ് 4- ന് കശ്മീരിലുടനീളം വമ്പിച്ച സൈനിക വിന്ന്യാസം നടത്തുകയും, നൂറുകണക്കിന് ഉന്നത രാഷ്ട്രീയ നേതാക്കളെയും മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുല്ല, മെഹബൂബ മുഫ്തി, ഫാറൂഖ് അബ്ദുല്ല എന്നിവരെ ഉൾപ്പെടെ കസ്റ്റഡിയിലെടുക്കുകയും വീട്ടുതടങ്കലിൽ പാർപ്പിക്കുകയും ചെയ്തിരുന്നു.

അതേസമയം സുരക്ഷാ നടപടികളുടെ ഭാഗമായുള്ളത് എന്ന് കേന്ദ്രം പറയുന്ന കരുതൽ തടങ്കൽ ബി.ജെ.പിയുടെ നേതാക്കൾക്കൊന്നും ബാധകമാക്കിയിട്ടില്ല. ബി.ജെ.പി പാർട്ടി അംഗങ്ങൾ ദിനവും തങ്ങളുടെ പാർട്ടി ഓഫീസുകളിൽ വരികയും പ്രവർത്തനം നടത്തുകയും ചെയ്യുന്നുണ്ട് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.