കൊലയാളി ഗെയിം വീണ്ടും: അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയ പതിനാറുകാരന്‍ അറസ്റ്റില്‍

അമ്മയെയും സഹോദരിയെയും തലക്കടിച്ചു കൊലപ്പെടുത്തിയ പതിനാറുകാരന്‍ അറസ്റ്റില്‍. ഡല്‍ഹിയിലെ ഗ്രെയ്റ്റര്‍ നോയിഡയിലെ ഫ്‌ലാറ്റിലാണ് അഞ്ജലി അഗര്‍വാള്‍(42) കണിക(12) എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലനടത്തിയതിനു ശേഷം വീട്ടിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 2 ലക്ഷം രൂപയും അമ്മയുടെ ഫോണുമായി ഒളിവില്‍ പോകുകയായിരുന്നു. വാരണാസിയില്‍ നിന്നാണ് കുട്ടികുറ്റവാളിയെ അറസ്റ്റ് ചെയ്തത്.

കുട്ടി, കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന “ഹൈ സ്‌കൂള്‍ ഗ്യാങ്സ്റ്റര്‍ എസ്‌കേപ്പ്” എന്ന ഗെയിം പതിവായി പ്രതി കളിക്കാറുണ്ടെന്നു പിതാവ് പോലീസിനു മൊഴി നല്‍കിയിരുന്നു. അപകട ഗെയിമിനെക്കുറിച്ചറിഞ്ഞ പിതാവ് രണ്ട് മാസങ്ങള്‍ക്കു മുമ്പ് കുട്ടിയുടെ മൊബൈല്‍ വാങ്ങി വച്ചിരുന്നു. എന്നാല്‍ അമ്മയുടെ ഫോണില്‍ കുട്ടി കളി തുടരുകയായിരുന്നു എന്ന് പിതാവ് കൂട്ടിച്ചേര്‍ത്തു.

പഠനത്തില്‍ ഉഴപ്പു കാണിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ പതിവായി വഴക്കുപറയുന്നത് പതിവായിരുന്നു എന്നും സംഭവം നടന്ന ദിവസവും കുട്ടിയും അമ്മയും വഴക്കുണ്ടാക്കിയിരുന്നുവെന്നും പോലീസ് പറഞ്ഞു. അഞ്ജലിയുടെ തലയില്‍ മുറിവേറ്റ 7 പാടുകളും കണികയുടെ തലയില്‍ 5 പാടുകളും ഉള്ളതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭൂമിയിലെ “ജൈവ മാലിന്യങ്ങള്‍” നീക്കുക എന്ന ലക്ഷ്യത്തോടെ പ്രചരിക്കുന്ന നിഗൂഢഗെയിം ബ്ലുവെയില്‍ കേരളത്തിലടക്കം ജീവനെടുത്തിരുന്നു. ഇതിന്റെ ഭീതി നിലനില്‍ക്കെ തന്നെയാണ് അടുത്ത കൊലയാളി ഗെയിം ഇറങ്ങിയിരിക്കുന്നത്. റഷ്യയില്‍ മാത്രം ഇതുവരെ 130 കൗമാരക്കാരാണ് ബ്ലൂ വെയില്‍ അഥവാ നീലത്തിമിംഗലം എന്നുപേരുള്ള ഈ ഗെയിം കളിച്ച് ആത്മഹത്യ ചെയ്തത്. ബ്രിട്ടനടക്കമുള്ള രാജ്യങ്ങളില്‍ പ്രചരിച്ച ഈ ഗെയിം കളിച്ച് 200പേര്‍ ഇതുവരെ ആത്മഹത്യ ചെയ്തുവെന്നുമാണ് കണക്ക്. കളിച്ചു തുടങ്ങുന്ന കൗമാരക്കാരെ അവസാനം ആത്മഹത്യയിലേക്കെത്തിക്കുന്ന അപകടകാരിയായ ഒരു മാനസിക ഗെയിമാണിത്. ബ്ലുവെയില്‍ നിരോധിക്കാനികില്ലെന്നു കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.