വയനാട്ടില്‍ മത്സരിക്കുന്നതില്‍ തീരുമാനം എടുക്കാന്‍ ഇനിയും ഒന്നരവര്‍ഷം സമയമുണ്ട്; രാഹുല്‍ ഗാന്ധി

വയനാട്ടിലും അമേഠിയിലും മത്സരിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഇനിയും ഒന്നരവര്‍ഷം സമയമുണ്ടെന്ന് രാഹുല്‍ ഗാന്ധി. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭാരത് ജോഡോ യാത്രയുടെ വിജയകരമായ പരിസമാപ്തി മാത്രമാണ് മുന്നിലുള്ളതെന്നും മാധ്യമങ്ങള്‍ യാത്രയുടെ ലക്ഷ്യത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

അതേസമയം രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പൊട്ടിത്തെറി ഭാരത് ജോഡോ യാത്രയെ ബാധിക്കില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ യാത്ര തടയുമെന്ന ഭീഷണിക്കിടെയാണ് രാഹുലിന്റെ പ്രതികരണം.

ഒരു പക്ഷത്തിനും അനുകൂല നിലപാട് വ്യക്തമാക്കാതെയാണ് പൊട്ടിത്തെറിയില്‍ രാഹുല്‍ നിലപാട് പറഞ്ഞത്. അശോക് ഗലോട്ടും സച്ചിന്‍ പൈലറ്റും പാര്‍ട്ടിയുടെ കരുത്താണെന്ന് പറഞ്ഞ രാഹുല്‍ ഭാരത് ജോഡോ യാത്രക്കെതിരായ ഭീഷണികളെ അപ്പാടെ തള്ളി കളഞ്ഞു. എന്നാല്‍ സംഘടനാപരമായ ഒരു മറുപടിയും രാഹുല്‍ വിഷയത്തില്‍ പറഞ്ഞില്ല.