കോവിഷീൽഡ് സുരക്ഷിതമല്ലെന്ന് പ്രഖ്യാപിക്കണമെന്ന ഹർജി, കേന്ദ്രത്തിന് ഹൈക്കോടതി നോട്ടീസ്

സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കൊറോണ വൈറസ് വാക്സിനായ കോവിഷീൽഡ് സുരക്ഷിതമല്ലെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള അപേക്ഷയിൽ മദ്രാസ് ഹൈക്കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് നൽകി.

കോവിഡ് വാക്സിൻ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിൽ കുത്തിവെയ്പ്പ് എടുത്ത ചെന്നൈയിൽ നിന്നുള്ള 41 കാരനാണ് ഹർജി നൽകിയത്. ഒക്ടോബർ 1 ന് ഒരു ഡോസ് എടുത്ത ഇദ്ദേഹത്തിന് പരീക്ഷണ കുത്തിവെയ്പ്പിൽ നിന്ന് പ്രതികൂല ഫലമാണുണ്ടായതെന്നാണ് ആരോപണം. കുത്തിവെയ്പ്പിനെ തുടർന്ന് തന്റെ സർഗ്ഗാത്മകതക്കും ബിസിനസിനും നഷ്ടം സംഭവിച്ചതായി ഇദ്ദേഹം ആരോപിച്ചു.

ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാക്കളായ പൂനെ ആസ്ഥാനമായുള്ള സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയും ബ്രിട്ടീഷ്-സ്വീഡിഷ് ഫാർമ ഭീമനായ അസ്ട്രാസെനെക്കയുമായി ചേർന്ന് കോവിഷീൽഡ് വികസിപ്പിച്ചെടുത്തത്. അടിയന്തര ഉപയോഗത്തിനായി ഡിസിജിഐ കഴിഞ്ഞ മാസം അനുമതി നൽകിയ രണ്ട് വാക്സിനുകളിൽ ഒന്നായിരുന്നു ഇത്; മറ്റൊന്ന് ഭാരത് ബയോടെക്കിന്റെ കോവാക്സിൻ ആയിരുന്നു. ജനുവരി 16 മുതൽ രാജ്യത്തൊട്ടാകെ ഒരു കോടിയിലധികം ഡോസ് വാക്സിനുകൾ നൽകിയിട്ടുണ്ടെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

Read more

തന്റെ അപേക്ഷയിൽ, കോവിഷീൽഡ് സുരക്ഷിതമല്ലെന്ന് പ്രഖ്യാപിക്കാൻ ചെന്നൈക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്. 5 കോടി രൂപ നഷ്ടപരിഹാരവും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.