ഒമൈക്രോണ്‍ അതിവേഗത്തില്‍ വ്യാപിക്കും; മുന്നറിയിപ്പുമായി ഡോ.സൗമ്യ സ്വാമിനാഥന്‍

കോവിഡിന്റെ വകഭേദമായ ഒമൈക്രോണ്‍ രാജ്യത്ത് അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ അടിയന്തരമായി വൈദ്യസഹായം ലഭ്യമാക്കുക എന്നതാവും ഇന്ത്യ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥന്‍. രോഗം വേഗത്തില്‍ വ്യാപിക്കുകയാണ്. നിരവധി ആളുകള്‍ രോഗികളാകാനുള്ള സാധ്യത കൂടുതല്‍ ആണെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

രോഗികള്‍ കൂടുമ്പോള്‍ ആശുപത്രികളില്‍ തിരക്ക് കൂടും. വീടുകളിലേക്കു പരിചരണം മാറ്റേണ്ട സ്ഥിതിയുണ്ടാകും. ഈ സ്ഥിതിയില്‍ ആശങ്കാകുലരാകുന്ന ആളുകള്‍ ഡോക്ടര്‍മാരുടെയോ ആരോഗ്യ പ്രവര്‍ത്തകരുടെയോ ഉപദേശം തേടുകയാണ് ചെയ്യുക. അതിനാല്‍ ഇത്തരം കാര്യങ്ങള്‍ക്കുള്ള സൗകര്യം ഒരുക്കുകയാണ് വേണ്ടത് എന്നും സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. ഇതിനായി ടെലികണ്‍സള്‍ട്ടേഷന്‍, ടെലിമെഡിസിന്‍ സൗകര്യങ്ങള്‍ അടിയന്തിരമായി വര്‍ദ്ധിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഒപി വിഭാഗത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാരും നഴ്സുമാരും ഉണ്ടെന്ന് ഉറപ്പാക്കണം. വീടുകളിലും പ്രാഥമിക പരിചരണ ഐസൊലേഷന്‍ സെന്ററുകളിലും പരമാവധി ആളുകളെ ചികിത്സിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കണം എന്നും അവര്‍ നിര്‍ദ്ദേശിച്ചു. ഒമൈക്രോണ്‍ അപകടകാരിയല്ല് എന്ന് ഉറപ്പിക്കാറായിട്ടില്ല. ദക്ഷിണാഫ്രിക്കയില്‍നിന്നും യുകെയില്‍നിന്നും വിവരങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നതേയുള്ളു.ഡെല്‍റ്റ വൈറസിനെക്കാള്‍ നാല് മടങ്ങ് വേഗത്തിലാണ് ഒമൈക്രോണ്‍ വ്യാപിക്കുന്നത്. അതിനാല്‍ അപകട സാധ്യത് മനസിലാക്കി വേണ്ം മുന്നോട്ട പോകാന്‍ എന്നും സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. എല്ലാ മുതിര്‍ന്നവര്‍ക്കും പൂര്‍ണ്ണമായി വാക്‌സിനേഷന്‍ നല്‍കുക, കൂട്ടം കൂടുന്നത് ഒഴിവാക്കുക, വ്യാപകമായ ജീനോം സീക്വന്‍സിങ് കേസുകളില്‍ അസാധാരണമായ പുരോഗതി എന്നിവ സൂക്ഷ്മമായി നിരീക്ഷിക്കുക എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങളും അവര്‍ നല്‍കി.