അനധികൃത സ്വത്ത് സമ്പാദന കേസ്: ഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലയ്ക്ക് നാല് വര്‍ഷം തടവും പിഴയും

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലയ്ക്ക് നാല് വര്‍ഷം തടവും 50 ലക്ഷം രൂപ പിഴയും. ഡല്‍ഹിയിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ 2010 മാര്‍ച്ച് 26ന് ആണ് സിബിഐ ചൗട്ടാലയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. 1993നും 2006നും ഇടയ്ക്ക് ഓംപ്രകാശ് ചൗട്ടാല, 6.09 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് സിബിഐ കണ്ടെത്തിയത്. വെളിപ്പെടുത്തിയ സമ്പാദ്യത്തിന്റെ 103 ഇരട്ടിയാണ് ഇതെന്നും സിബിഐ കണ്ടെത്തിയിരുന്നു.

ഈ കണ്ടെത്തലുകള്‍ കണക്കിലെടുത്ത കോടതി, അഴിമതി നിരോധന നിയമത്തിലെ 13(1)(e), 13(2) വകുപ്പുകള്‍ പ്രകാരം കുറ്റക്കാരനാണെന്ന് വിധിച്ചിരുന്നു. പ്രത്യേക കോടതി ജഡ്ജി വികാസ് ധൂള്‍ ആണ് ശിക്ഷ വിധിച്ചത്. അനധികൃതമായി സമ്പാദിച്ച സ്വത്തുക്കള്‍ കണ്ടുകെട്ടാനും കോടതി വിധിച്ചു.

പ്രായവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് കുറഞ്ഞ ശിക്ഷ വേണം നല്‍കണമെന്ന് അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം, പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് അന്വേഷണ ഏജന്‍സിയായ സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടു. ഇത് സമൂഹത്തിന് വലിയൊരു സന്ദേശം നല്‍കുമെന്നും സിബിഐ വ്യക്തമാക്കി.