എണ്ണക്കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണം, പിന്നില്‍ ഇറാനെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി

ഒമാന്‍ ഉള്‍ക്കടലില്‍ വ്യാഴാഴ്ച എണ്ണക്കപ്പലുകള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങള്‍ക്കു പിന്നില്‍ ഇറാനാണെന്നു യു.എസ് സ്റ്റേറ്റ് സെക്രട്ടറിയുടെ ആരോപണം. എന്നാല്‍ തെളിവില്ലാതെയാണ് ആരോപണം ഉന്നയിക്കുന്നതെന്ന് ഇറാന്‍ പ്രതികരിച്ചു.

ആക്രമണ ശൈലിയും ഇന്റലിജന്‍സ് റിപ്പോര്‍ട്ടും ഇറാനെ സംശയിക്കുന്ന തരത്തിലാണെന്നാണ് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി പോംപെയോ ആരോപിക്കുന്നത്.

മേയ് 12ന് നടന്ന ആക്രമണങ്ങളില്‍ പങ്കില്ലെന്നും യു.എസ്-ഇറാന്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്ന ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി രാജ്യത്തെ പരമോന്നത നേതാവ് കൂടിക്കാഴ്ച നടത്തുന്ന സമയത്തായിരുന്നു ആക്രമണമെന്നുമാണ് ഇറാന്‍ വിദേശ കാര്യമന്ത്രി മുഹമ്മദ് ജവാദ് ഷെരീഫിന്റെ പ്രതികരണം.

സംഘര്‍ഷമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് യു.എന്‍ ഇടപെട്ടു. ഗള്‍ഫ് മേഖലയില്‍ ഇനിയൊരു യുദ്ധം ലോകത്തിന് താങ്ങാനാവില്ലെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു.