സൗദി അറേബ്യയിലെ എണ്ണക്കമ്പനിയ്ക്ക് നേരെയുണ്ടായ ആക്രമണം; ഇന്ത്യയിലേക്കുള്ള എണ്ണ വിതരണം തടസ്സപ്പെടില്ല: കേന്ദ്ര പെട്രോളിയം മന്ത്രി

വാരാന്ത്യത്തിൽ സൗദി അറേബ്യൻ എണ്ണ ശാലകൾക്ക് നേരെ ഉണ്ടായ ആക്രമണത്തെ തുടർന്ന് ഇന്ത്യയുടെ എണ്ണ വിതരണം തടസ്സപ്പെടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു.

സെപ്റ്റംബർ മാസത്തെ മൊത്തത്തിലുള്ള അസംസ്കൃത എണ്ണ വിതരണം ഓയിൽ മാർക്കറ്റിംഗ് കമ്പനികളുമായി അവലോകനം ചെയ്തിട്ടുണ്ട്. ഇന്ത്യയ്ക്ക് വിതരണ തടസ്സമുണ്ടാകില്ലെന്ന് ഉറപ്പുണ്ട്. നിലവിലെ സാഹചര്യത്തെ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞതായി വാർത്താ ഏജൻസി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

സൗദി അരാംകോയിലെ എണ്ണ സ്റ്റെബിലൈസേഷൻ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് അരാംകോയിലെ ഉന്നത ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടു. ഇന്ത്യയിലേക്കുള്ള എണ്ണ വിതരണത്തിന് തടസ്സമുണ്ടാകില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി റിയാദിലെ ഇന്ത്യൻ അംബാസഡർ അരാംകോയിലെ സീനിയർ മാനേജ്‌മെന്റുമായി ബന്ധപ്പെട്ടു, പെട്രോളിയം മന്ത്രി കൂട്ടിച്ചേർത്തു.

Read more

ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരാണ് സൗദി അറേബ്യ. സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ നിർമ്മാതാക്കൾ സൗദി അരാംകോയുടെ അബ്ഖൈക്കിലും ഖുറൈസിലുമുള്ള ക്രൂഡ് ഓയിൽ പ്രോസസ്സിംഗ് സംവിധാനത്തിന് നേരെയുണ്ടായ ആക്രമണം പ്രതിദിനം 5.7 ദശലക്ഷം ബാരൽ എണ്ണയുടെ ഉത്പാദനം കുറച്ചിട്ടുണ്ട്. പൂർണരീതിയിൽ ഉത്പാദനം പുനരാരംഭിക്കുന്നതിന് കൃത്യമായ ഒരു സമയം കമ്പനി ഇതുവരെ നൽകിയിട്ടില്ല.