അഫ്​ഗാനിൽ നിന്ന് എത്തിയ 78 പേരിൽ 16 പേർക്ക് കോവിഡ്

അഫ്ഗാനിസ്ഥാനിലെ കാബൂളിൽ നിന്നും ഇന്നലെ ഇന്ത്യയിലെത്തിയ 78 പേരിൽ 16 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മുഴുവൻ പേരെയും ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു.

കാബൂളിൽ നിന്ന് താജിക്കിസ്ഥാൻ വഴിയാണ് ഇവരെ ഇന്നലെ ഡൽഹിയിലെത്തിച്ചത്. 22 സിഖുകാരും സിഖ് മതഗ്രന്ഥമായ ഗുരുഗ്രന്ഥസാഹിബിന്റെ മൂന്ന് പകർപ്പും വിമാനത്തിൽ ഇന്ത്യയിലെത്തിച്ചിട്ടുണ്ട്.

സിഖ്​ വിശുദ്ധ ഗ്രന്ഥം കൊണ്ടുവന്ന ഗ്രന്ഥികളും കോവിഡ്​ പോസിറ്റീവായവരിൽ പെടുമെന്നും റിപ്പോർട്ട് ഉണ്ട്. വിശു​ദ്ധ ഗ്രന്ഥത്തിൻറെ പകർപ്പുകൾ ഡൽഹിയിൽ കേന്ദ്ര മന്ത്രി ഹർദീപ്​ സിംഗ്​ പുരി ഏറ്റുവാങ്ങിയിരുന്നു.

കേന്ദ്രമന്ത്രി വി മുരളീധരനും വിമാനത്താവളത്തിൽ എത്തിയിരുന്നു. ഗുരുഗ്രന്ഥ സാഹിബ് കേന്ദ്രമന്ത്രിമാർ ചുമന്നാണ് പുറത്തെത്തിച്ചത്. 228 ഇന്ത്യൻ പൗരന്മാരുൾപ്പെടെ 6​26 പേരെ ഇതിനകം ഇന്ത്യ ഒഴിപ്പിച്ചിട്ടുണ്ട്​. അതിൽ 77 പേർ അഫ്​ഗാൻ സിഖുകാരാണ്​.