കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്ന് രാഹുല്‍ ഗാന്ധി; റാഫേലില്‍ ഹിന്ദു പത്രം പുറത്ത് വിട്ട രേഖകള്‍ മാത്രം മതി മോദിയെ തുറുങ്കിലടക്കാനെന്നും രാഹുല്‍

കോണ്‍ഗ്രസിന്റെ മിനിമം വരുമാനം ഉറപ്പു വരുത്തുന്ന പദ്ധതി “”ന്യായ്”” രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കഴിഞ്ഞ കുറേ മാസങ്ങളായി കോണ്‍ഗ്രസ് സാമ്പത്തിക വ്യവസ്ഥയെ നവീകരിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാനുള്ള ചര്‍ച്ചകളിലായിരുന്നുവെന്നും 48കാരനായ രാഹുല്‍ പറഞ്ഞു.

“” എഞ്ചിനുകളുടെ പ്രവര്‍ത്തനത്തെ പെട്രോള്‍ എങ്ങനെയാണോ സഹായിക്കുന്നത് അത് പോലെ ന്യായ് പദ്ധതി ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ പുനര്‍ജീവിപ്പിക്കും. ഇതോടെ ദരിദ്രരുടെ കൈയ്യിലും പണം വരും. അങ്ങനെ സാമ്പത്തിക മേഖലയില്‍ ഡിമാന്റ് വര്‍ധിക്കും, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കും, അതോടെ യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും രാഹുല്‍ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രാഹുലിന്റെ പ്രതികരണം.

റാഫേല്‍ ഫൈറ്റര്‍ ജെറ്റ് കരാറിലെ അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുകയാണെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജയിലില്‍ പോകും. ഹിന്ദു പത്രം പുറത്തു വിട്ട രേഖകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും മോദിജി ഇതില്‍ ഇടനിലക്കാരനായിരുന്നുവെന്ന്. ഈ രേഖകള്‍ മാത്രം മതി അദ്ദേഹത്തെ തുറുങ്കിലടക്കാനെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

2019 ലെ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ പ്രചരണ വിഷയങ്ങള്‍ തൊഴിലില്ലായ്മ, കാര്‍ഷിക പ്രതിസന്ധി, അഴിമതി എന്നിവയാണ് . ഭരണത്തിലേറിയേല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ആദ്യ ചുമതലകൡ ഒന്ന് എന്‍ഡിഎ സര്‍ക്കാര്‍ തകര്‍ത്ത സാമ്പത്തിക വ്യവസ്ഥയെ തിരിച്ചു പിടിക്കുകയെന്നതാണ്.

പല രാഷ്ട്രീയ പാര്‍ട്ടികളും കാലാകാലമായി ആശ്രയിക്കുന്ന ജാതി അടിസ്ഥാനത്തിലുള്ള വോട്ട് ബാങ്കുകളെയും ഗാന്ധി തള്ളിക്കളഞ്ഞു. “ഞാന്‍ ഒരിക്കലും ഇതിനോട് യോജിക്കുന്നില്ല. അതായത് ഇവരൊക്കെ വോട്ട് ബാങ്കാണെന്നത്, കോണ്‍ഗ്രസ് പാര്‍ട്ടി എല്ലാവരുടെയും പാര്‍ട്ടിയാണ്, എല്ലാവരെയും സഹായിക്കുന്ന പാര്‍ട്ടിയാണ്. നോട്ട് നിരോധനവും ജിഎസ്ടിയും കാരണം ചെറുകിട കച്ചവടക്കാരെ വരെ ബാധിച്ചു. ഇതൊക്കെ കോണ്‍ഗ്രസ് എതിര്‍ക്കുകയാണ് ചെയ്തത്. കര്‍ഷകര്‍ക്ക് ഒരു പ്രശ്‌നമുണ്ടായപ്പോള്‍ കോണ്‍ഗ്രസ്സാണ് സഹായിക്കാനായി ആദ്യമെത്തിയത്. രാജ്യത്തെവിടെ പ്രശ്‌നമുണ്ടായാലും അത് പരിഹരിക്കുകയെന്ന്ത് കോണ്‍ഗ്രസ്സിന്റെ സ്വഭാവമാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഓരോ ഹിന്ദുസ്ഥാനിയും കോണ്‍ഗ്രസ് പ്രത്യയ ശാസ്ത്രത്തിന്റെ കണ്ണാടിയാണ്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കോണ്‍ഗ്രസിന്റെ നില മോശമാണെങ്കിലും തമിഴ്‌നാട്, ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലടക്കം പ്രകടനം മെച്ചപ്പെടുത്തുമെന്ന് കാര്യത്തില്‍ തികഞ്ഞ ആത്മ വിശ്വാസത്തിലാണ് രാഹുല്‍.