നോട്ടു നിരോധനത്തിന്‍റെ 'സാങ്കല്‍പിക' ന്യായവും പൊളിയുന്നു; രാജ്യത്ത് ഡിജിറ്റല്‍ ഇടപാട് കൂടിയില്ല, കറന്‍സി കൈമാറ്റം 19.14 ശതമാനം ഏറി

മോദി സര്‍ക്കാരിന്റെ തുഗ്ലക് പരിഷ്‌കാരങ്ങളില്‍ മുന്തിയ ഒന്നായ നോട്ട് നിരോധനത്തിന്റെ സാങ്കല്‍പിക ന്യായവും പൊളിയുന്നു. രാജ്യത്ത് കറന്‍സി കൈമാറ്റം കുറയുമെന്നും ഡിജിറ്റല്‍ ഇടപാടിലേക്ക് മാറുമെന്നുമുള്ള പ്രധാനമന്ത്രിയുടെയും ധനമന്ത്രാലയത്തിന്റെയും ന്യായമാണ് പൊളിയുന്നത്.
നോട്ടു നിരോധനം വന്ന് രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ രാജ്യത്തെ ഭൗതികമായ പണമിടപാട് എക്കാലത്തേതിലും വര്‍ധിച്ചതായി ഇന്ത്യന്‍ എക്സ്പ്രസ് പത്രം റിപ്പോര്‍ട്ട്‌ചെയ്തു.
നോട്ടു നിരോധനത്തിന് മുമ്പുള്ളതിനെക്കാളും 19.14 ശതമാനം വര്‍ധനയാണ് ഇക്കാലയളവില്‍ ഉണ്ടായിരിക്കുന്നത്. നവംബര്‍ 4, 2016ല്‍ 17.97 ലക്ഷം കോടി കറന്‍സിയാണ് പ്രചാരത്തിലുണ്ടായിരുന്നതെങ്കില്‍ 2019 മാര്‍ച്ചില്‍ അത് 21.41 ലക്ഷം കോടി രൂപായി വര്‍ധിച്ചു. ആര്‍.ബി.ഐയില്‍ നിന്ന് ലഭ്യമായ ഏറ്റവും പുതിയ കണക്കുകളെ ആധാരമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. നോട്ട് നിരോധനത്തെ തുടര്‍ന്ന് സര്‍ക്കാരും ബാങ്കുകളും ഡിജിറ്റലൈസേഷനെ വന്‍തോതില്‍ പ്രോത്സാഹിപ്പിച്ചിട്ടും ഫലമുണ്ടായില്ല എന്നും ആര്‍ ബി ഐ കണക്കുകള്‍ വ്യക്തമാക്കുന്നു.

പ്രചാരത്തിലിരിക്കുന്ന ഭൗതിക പണമിടപാട് കൂടുതലാണെന്നും, കള്ളപ്പണം വര്‍ധിച്ചെന്നും മറ്റും ചൂണ്ടിക്കാട്ടിയാണ് മോദി സര്‍ക്കാര്‍ 2016 നവംബര്‍ 7ന് രാജ്യത്ത് പ്രചാരത്തിലിരുന്ന 1000, 500 രൂപ മൂല്യം വരുന്ന നോട്ടുകള്‍ നിരോധിച്ചത്.കറന്‍സി കൈമാറ്റം കൂടുന്നതിന് പിന്നില്‍ തിരഞ്ഞെടുപ്പാണെന്നും കരുതപ്പെടുന്നുണ്ട്.

2017 ജനുവരിയില്‍ എ.ടി.എം വഴിയുള്ള പണമിടപാട് 200,468 കോടി ആയിരുന്നെങ്കില്‍ 2019 ജനുവരിയില്‍ അത് 316,808 കോടി രൂപയായി വര്‍ധിക്കുകയായിരുന്നു.