ഡല്‍ഹി സാധാരണ നിലയിലേക്ക്; മതനേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് പൊലീസ്

വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ ശാന്തമാകുന്നെന്ന വിലയിരുത്തലുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കേന്ദ്രസേനയെ വിന്യസിച്ച് കഴിഞ്ഞ് അനിഷ്ട സംഭവങ്ങളെവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രാലയം അറിയിച്ചു. സ്ഥിതിഗതികള്‍ ശാന്തമെങ്കില്‍ നിരോധനാജ്ഞ നേരത്തെ പിന്‍വലിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്.

ക്രമസമാധാനം നിലനിര്‍ത്തുന്നതിനോട് അനുബന്ധിച്ച് വിവിധ മതനേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് ഡല്‍ഹി പൊലീസും അറിയിച്ചു. മതനേതാക്കളുടെ നേതൃത്വത്തില്‍ സമാധാനയോഗങ്ങള്‍ വിളിക്കാനും നിര്‍ദ്ദേശം നല്‍കും. അതേസമയം കേസെടുത്തതിന് പിന്നാലെ ആം ആദ്മി നേതാവും ഈസ്റ്റ് ഡല്‍ഹി കൌണ്‍സിലറുമായ താഹിര്‍ ഹുസൈനെ ഇന്ന് ചോദ്യം ചെയ്‌തേക്കും. താഹിര്‍ ഹുസൈനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

കലാപത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തുവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലാപത്തില്‍ ആം ആദ്മി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ അവര്‍ക്ക് ഇരട്ടിശിക്ഷ നല്‍കുമെന്നും രാഷ്ട്രീയം നോക്കാനില്ലെന്നും കെജരിവാള്‍ പറഞ്ഞിരുന്നു.

അതേസമയം, കലാപത്തെ കുറിച്ച് ഡല്‍ഹി ക്രൈം ബ്രാഞ്ച് അന്വേഷിക്കും. രണ്ട് ഡിസിപിമാരുടെ കീഴില്‍ രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങളെയാണ് നിയമിച്ചിട്ടുള്ളത്. ഡിസിപി ജോയ് ടിര്‍കി, ഡിസിപി രാജേഷ് ഡിയോ എന്നിവരോട് കീഴിലാണ് അന്വേഷണം. കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ രജിസ്റ്റര്‍ ചെയ്ത എല്ലാ എഫ് ഐ ആറുകളും പ്രത്യേക സംഘത്തിന് കൈമാറി.