ഒരു 'മാര്‍ഗ'വും കാണാതെ മാര്‍ഗദര്‍ശക് മണ്ഡല്‍, ബി.ജെ.പിയുടെ രാഷ്ട്രീയ മാപ്പില്‍ നിന്ന് കുടിയൊഴുപ്പിക്കപ്പെടുന്നവര്‍

പ്രായപൂര്‍ത്തിയായി പോയി എന്ന കാരണം പറഞ്ഞാണ് ഒരു കാലത്ത് ബിജെപിയുടെ എല്ലാമെല്ലാമായിരുന്ന എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, കല്‍രാജ് മിശ്ര എന്നീ തലമൂത്ത നേതാക്കളെ നരേന്ദ്ര മോദി മാര്‍ഗ നിര്‍ദേശക് മണ്ഡല്‍ എന്ന ഇരുട്ടുമുറിയുണ്ടാക്കി അതില്‍ തളച്ചത്.

2014 ലാണ് ഈ മണ്ഡലം രൂപീകരിച്ചതെങ്കിലും നാളിതു വരെ ഒരു മാര്‍ഗവും പാര്‍ട്ടിക്ക് വേണ്ടിയോ സര്‍ക്കാരിന് വേണ്ടിയോ ഇവര്‍ നിര്‍ദ്ദേശിച്ചിരുന്നില്ല. അഥവാ നിര്‍ദേശങ്ങളൊന്നും പാര്‍ട്ടി കേട്ട ഭാവം പോലും നടിച്ചിരുന്നുമില്ല. മാര്‍ഗ നിര്‍ദേശ മണ്ഡലത്തിലേക്ക് മാറ്റിയെങ്കിലും പാര്‍ലമെന്ററി വ്യാമോഹത്തില്‍ നിന്ന് മുക്തമായിരുന്നില്ല അവര്‍. അന്നേ നിര്‍ബന്ധിച്ച് വനവാസത്തിനയച്ച വൃദ്ധനേതൃത്വത്തെ ഇന്ന് ബിജെപി പൂര്‍ണമായും ഒഴിവാക്കുന്നു. പാര്‍ട്ടിയുടെ രാഷ്ട്രീയ മാപ്പില്‍ നിന്നു തന്നെ. ആറു തവണയായി എല്‍ കെ അദ്വാനി പ്രതിനിധീകരിക്കുന്ന ഗുജറാത്തിലെ ഗാന്ധി നഗര്‍ സീറ്റില്‍ ഇക്കുറി അമിത് ഷാ മത്സരിക്കും. മത്സരിക്കുന്നില്ല എന്ന് അദ്വാനി പ്രഖ്യാപിച്ചിട്ടില്ല എന്നതു കൊണ്ടു തന്നെ ഈ സീറ്റ് അമിത് ഷാ പിടിച്ചെടുത്തതാണെന്ന് വ്യക്തം.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നാലു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച അദ്വാനിയില്‍ നിന്ന് മണ്ഡലം പിടിച്ചെടുത്തതിന് പിന്നില്‍ ഒതുക്കല്‍ അല്ലാതെ ഒന്നുമല്ല. അദ്വാനിയോടൊപ്പം തന്നെ ബിജെപിയിലെ തല മുതിര്‍ന്ന നേതാക്കളായിരുന്നു മുരളി മനോഹര്‍ ജോഷിയും, കല്‍രാജ് മിശ്രയും. മാര്‍ഗനിര്‍ദേശക് മണ്ഡലിലെ ഇവര്‍ക്കും ഇക്കുറി സീറ്റില്ല. ഉത്തര്‍പ്രദേശിലെ കാന്‍പൂര്‍ മണ്ഡലമാണ് ജോഷി എന്ന ബ്രാഹ്മണ നേതാവ് പ്രതിനിധീകരിക്കുന്നത്. ഇക്കുറി ജോഷിക്ക് സീറ്റ് നല്‍കിയേക്കില്ല. കല്‍രാജ് മിശ്രയുടെ കാര്യവും വ്യത്യസ്തമല്ല.

രാമക്ഷേത്ര നിര്‍മ്മാണം ലക്ഷ്യമിട്ട് രഥയാത്ര നടത്തി പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാന്‍ വിയര്‍പ്പൊഴുക്കിയ നേതാവാണ് അദ്വാനി. വാജ്‌പേയി മന്ത്രിസഭയിലെ രണ്ടാമന്‍. അദ്വാനിയുടെ അധ്വാനഫലം പക്ഷെ അനുഭവിക്കാന്‍ വിധിക്കപ്പെട്ടത് മോദിക്കായിരുന്നു. ഗുജറാത്ത് കലാപം മുതല്‍ മോദിയെ അദ്വാനിക്ക് പഥ്യമായിരുന്നില്ല.

2014 ലെ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മോദി തിരഞ്ഞെടുക്കപ്പെട്ടതോടെ അദ്വാനി പാര്‍ട്ടിയുടെ നാഷണല്‍ എക്‌സിക്യൂട്ടിവ് വേദി വിട്ടു. പിന്നീട് ഈ 91 കാരനോട് മോദി വന്നപ്പോള്‍ പകരം തീര്‍ത്തത് മാര്‍ഗനിര്‍ദേശക് മണ്ഡല്‍ എന്ന നിര്‍ജ്ജീവ സെല്ലുണ്ടാക്കിയാണ്. പാര്‍ലമെന്റില്‍ പോലും പിന്നീട് അദ്വാനിയും ജോഷിയുമൊക്കെ മൗനം പാലിച്ചു. സംസാരിക്കാന്‍ ആരും നിര്‍ബന്ധിച്ചിരുന്നുമില്ല.