കാസർഗോഡ്- മംഗളൂരു ഹൈവേ തുറക്കാനുള്ള കേരളാ ഹൈക്കോടതി വിധിക്ക് സ്റ്റേ ഇല്ല

കാസർഗോഡ്- മംഗളുരു ദേശീയ പാത തുറന്നു കൊടുക്കണമെന്ന് കേന്ദ്ര സർക്കാരിനോട് നിർദേശം നൽകിയ കേരളാ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തില്ല. കാസർഗോഡ് കേരളാ അതിർത്തിയിലെ റോഡുകളെല്ലാം മണ്ണിട്ട് അടച്ച ക‌‍ർണാടകത്തിന്റെ നടപടിക്ക് തിരിച്ചടിയായിരിക്കുകയാണ്. കേരള, കർണാടക ചീഫ് സെക്രട്ടറിമാരും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെയും ഗതാഗത മന്ത്രാലയത്തിന്‍റെയും സെക്രട്ടറിമാരും ഇരുന്ന് ചർച്ച ചെയ്ത് പരിഹാരമുണ്ടാക്കണമെന്നാണ് സുപ്രീം കോടതി നിർദ്ദേശം. എന്നാൽ, നിലവിൽ കർണാടകത്തോട് അതിർത്തി തുറക്കണം എന്ന് സുപ്രീം കോടതി നിർദ്ദേശം നൽകിയിട്ടുമില്ല. കേരളാ ഹൈക്കോടതി ഉത്തരവിനെതിരെ കർണാടക നൽകിയ ഹർജിയിലാണ് സുപ്രീം കോടതി നിർദ്ദേശം.

കേരളാ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവിന് തത്കാലം സ്റ്റേ ഇല്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, അത്യാവശ്യ വാഹനങ്ങൾ കടത്തി വിടേണ്ടി വരുമെന്ന് പറഞ്ഞു. ഏതൊക്കെ വാഹനങ്ങൾ കടത്തി വിടണം എന്ന് തീരുമാനിക്കാൻ സമിതി ഉണ്ടാക്കണം. ഇരുസംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ, കേന്ദ്ര ഹെൽത്ത് സെക്രട്ടറി എന്നിവരുടെ സമിതി രൂപീകരിക്കണമെന്നാണ് സുപ്രീം കോടതിയുടെ നിർദ്ദേശം. കേസ് ഇനി അടുത്ത ആഴ്ച ഏഴാം തീയതി വീണ്ടും പരിഗണിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.