'പാകിസ്ഥാന്‍ കൂടുതല്‍ ശിഥിലമാകും'; 1965 ലേയും 71 ലേയും തെറ്റുകള്‍ ആവര്‍ത്തിക്കരുതെന്ന മുന്നറിയുപ്പുമായി രാജ്‌നാഥ് സിംഗ്

1965 ലേയും 1971ലേയും തെറ്റുകള്‍ ആവര്‍ത്തിക്കരുതെന്ന് പാകിസ്ഥാന് മുന്നറിയിപ്പുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. തെറ്റ് തുടരുകയാണെങ്കില്‍ പാക് അധിനിവേശ കശ്മീരിന്റെ സ്ഥിതിയെന്താകുമെന്ന് അവര്‍ ചിന്തിക്കണം. പാക് മണ്ണില്‍ തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ആ രാജ്യത്തെ കൂടുതല്‍ ശിഥിലീകരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ അതിര്‍ത്തിയില്‍ നുഴഞ്ഞു കയറരുതെന്ന് പാക് പ്രധാനമന്ത്രി പറയുന്നുണ്ട്. അത് നല്ലതാണ്. ഇന്ത്യന്‍ മണ്ണില്‍ നുഴഞ്ഞു കയറുന്നവരൊന്നും പാകിസ്ഥാനില്‍ തിരിച്ചെത്തില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ബിഹാറിലെ പട്‌നയില്‍ ബി.ജെ.പി സംഘടിപ്പിച്ച ജന്‍ ജാഗരണ്‍ സഭയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജമ്മു കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ നടപടിയെ കുറിച്ചും രാജ്‌നാഥ് സിങ് പരാമര്‍ശിച്ചു. ജമ്മു കശ്മീരിലെ നാലില്‍ മൂന്ന് ശതമാനം ആളുകളും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ അനുകൂലിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കശ്മീരില്‍ ഭീകരവാദം രൂപം കൊള്ളാനുള്ള ഏറ്റവും വലിയ കാരണങ്ങള്‍ ആര്‍ട്ടിക്കിള്‍ 370 ഉം ആര്‍ട്ടിക്കിള്‍ 35 എയുമാണ്. ഭീകരവാദം കശ്മീരിനെ രക്തരൂഷിതമാക്കി. ഇനി കാണട്ടെ പാകിസ്താന് എത്ര ധൈര്യമുണ്ടെന്ന്. എത്ര ഭീരവാദികളെ സൃഷ്ടിക്കുമെന്ന് രാജ്‌നാഥ് സിങ് ആരാഞ്ഞു.