രാജ്യത്തിൻറെ ഓരോ തുണ്ട് ഭൂമിയും ജാഗ്രതയോടെ കാക്കും, ആര്‍ക്കും കൈക്കലാക്കാനാകില്ലെന്ന് അമിത് ഷാ

രാജ്യത്തിന്റെഓരോതുണ്ട്‌ ഭൂമിയും ജാഗ്രതയോടെ കാത്തുസൂക്ഷിക്കുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലഡാക്കില്‍ ചൈനയുമായി തുടരുന്ന സംഘര്‍ഷം പരിഹരിക്കാന്‍ സര്‍ക്കാര്‍ സാധ്യമായ എല്ലാ സൈനിക, നയതന്ത്ര നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ചൈനയുമായുള്ള ഉരസല്‍ നിരന്തരം തുടരുന്നതിനിടയിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പരാമര്‍ശം.

“നമ്മുടെ ഓരോ തുണ്ട് ഭൂമിയും ജാഗ്രതയോടെ കാത്തുസൂക്ഷിക്കുന്നുണ്ട്‌. ആര്‍ക്കും അത് അപഹരിക്കാനാവില്ല. രാജ്യത്തിന്റെ പരമാധികാരവും അതിര്‍ത്തിയും സംരക്ഷിക്കാന്‍ നമ്മുടെ പ്രതിരോധ സേനയ്ക്കും നേതൃത്വത്തിനും കഴിവുണ്ട് “- അദ്ദേഹം

ഇന്ത്യന്‍ സൈന്യം ഏത് അടിയന്തര സാഹചര്യത്തേയും നേരിടാന്‍ തയാറാണെന്നും അമിത് ഷാ പറഞ്ഞു. “എല്ലാ രാജ്യങ്ങളും യുദ്ധത്തിന് തയാറാണ്. സൈന്യത്തെ പരിപാലിക്കുന്നതിന്റെ ഉദ്ദേശ്യം ഏത് തരത്തിലുള്ള ആക്രമണത്തോടും പ്രതികരിക്കുക എന്നതാണ്. ഏതെങ്കിലും പ്രത്യേക അഭിപ്രായങ്ങളെ പരാമര്‍ശിച്ചല്ല ഞാന്‍ ഇത് പറയുന്നത്. പക്ഷേ ഇന്ത്യയുടെ പ്രതിരോധ സേന എല്ലായ്‌പ്പോഴും തയ്യാറാണ്.” -അദ്ദേഹം പറഞ്ഞു.

ചൈനീസ് സൈനികരോട് യുദ്ധത്തിന് തയാറാകാന്‍ പ്രസിഡന്റ് ഷീജിങ് പിങ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഷായുടെ പരാമര്‍ശം.