കര്‍ണാടക നിയമസഭ മൂന്ന് മണി വരെ പിരിഞ്ഞു, ചര്‍ച്ച പൂര്‍ത്തിയാക്കാതെ വിശ്വാസ വോട്ടെടുപ്പ് നടത്തില്ലെന്ന് സ്പീക്കര്‍

കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് ഇന്നും പരിഹാരമാകില്ല. കര്‍ണാടക നിയമസഭയില്‍ ചര്‍ച്ച പൂര്‍ത്തിയാക്കാന്‍ കഴിയാതെ വോട്ടെടുപ്പ് നടത്തില്ലെന്ന് സ്പീക്കര്‍  വ്യക്തമാക്കി. ഉച്ചക്ക് ഒന്നരയ്ക്ക് മുമ്പ് ഭൂരിപക്ഷം തെളിയിക്കണമെന്ന ഗവര്‍ണറുടെ നിലപാട് ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം

പ്രതിസന്ധിക്കിടയിലും ചേര്‍ന്ന നിയമസഭ സമ്മേളനത്തില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന ഗവര്‍ണറുടെ ആവശ്യം സ്പീക്കര്‍ തള്ളി. വിശ്വാസ പ്രമേയത്തിലുള്ള ചര്‍ച്ചയാണ് ഇന്നത്തെ അജണ്ടയെന്ന് സ്പീക്കര്‍ നിയമസഭയെ അറിയിച്ചു. പ്രതിപക്ഷം ഇതിനോട് സഹകരിക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസ പ്രമേയത്തില്‍ ചര്‍ച്ച നടത്താനാണ് കോണ്‍ഗ്രസ് തീരുമാനം. ഉച്ചയ്ക്ക് മുമ്പ് ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട ഗവര്‍ണറുടെ നടപടി രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള ഗൂഢനീക്കമാണ് എന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംങ്‌വിയാണ് സുപ്രീം കോടതിയില്‍ കോണ്‍ഗ്രസിന് വേണ്ടി ഹാജരാകുന്നത്. ഗവര്‍ണറുടെ നിലപാട് ഭരണഘടനാ വിരുദ്ധമാണെന്നാണ് കോണ്‍ഗ്രസിന്റെ പ്രധാനവാദം.

വിമത എം.എല്‍.എമാര്‍ക്ക് വേണ്ടി എതിര്‍വാദത്തിന് മുകുള്‍ റോത്തഗിയും രംഗത്തെത്തും. അതിനിടെ കര്‍ണാടകയില്‍ ഗവര്‍ണര്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നു എന്നാരോപിച്ച് കോണ്‍ഗ്രസ് പാര്‍ലിമെന്റില്‍ അടിയന്തര പ്രമേയ നോട്ടീസും നല്‍കിയിട്ടുണ്ട്.

16 വിമത എം.എല്‍.എമാര്‍ രാജിവെയ്ക്കുകയും രണ്ട് സ്വതന്ത്ര എം.എല്‍.എമാര്‍ പിന്തുണ പിന്‍വലിക്കുകയും ചെയ്തതോടെ ഉണ്ടായ പ്രതിസന്ധിയാണ് കര്‍ണാടകയില്‍ വിശ്വാസവോട്ടിലേക്ക് എത്തിയത്. മുഖ്യമന്ത്രി കുമാരസ്വാമി ഇന്നലെ വിശ്വാസപ്രമേയം അവതരിപ്പിച്ചെങ്കിലും ചര്‍ച്ച ബഹളത്തില്‍ കലാശിക്കുകയായിരുന്നു. 15 വിമത എം.എല്‍.എമാര്‍ ഉള്‍പ്പടെ 20 പേരാണ് ഇന്നലെ സഭയില്‍ നിന്ന് വിട്ടുനിന്നത്.