പാര്‍ലമെന്റ് വളപ്പില്‍ ധര്‍ണയോ സത്യാഗ്രഹമോ പ്രതിഷേധമോ പാടില്ല; പുതിയ വിലക്ക്

അഴിമതി, കരിദിനം എന്നിവയടക്കം അറുപത്തിയഞ്ചോളം വാക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ പാര്‍ലമെന്റില്‍ പുതിയ വിലക്ക്. പാര്‍ലമെന്റ് വളപ്പില്‍ ധര്‍ണയോ സത്യാഗ്രഹമോ പ്രതിഷേധമോ പാടില്ലെന്ന് വ്യക്തമാക്കി ഉത്തരവിറക്കി. സെക്രട്ടറി ജനറലാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

മതപരമായ ചടങ്ങുകള്‍ക്ക് വേണ്ടിയും പാര്‍ലമെന്റ് വളപ്പ് ഉപയോഗിക്കാന്‍ പാടില്ല. ഉത്തരവ് ലംഘിച്ചാല്‍ എന്താകും നടപടിയെന്ന് വ്യക്തമാക്കിയിട്ടില്ല. കോണ്‍ഗ്രസ് നേതാവ്് ജയറാം രമേശാണ് പുതിയ ഉത്തരവ് സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുന്നത്. വിശ്വഗുരുവിന്റെ പുതിയ നടപടിയെന്ന അടിക്കുറിപ്പോടെയാണ് ജയറാം രമേശിന്റെ ട്വീറ്റ്.

കഴിഞ്ഞ ദിവസമാണ് പാര്‍ലമെന്റില്‍ 65 വാക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഇതിനെതിരെ പ്രതിപക്ഷം പ്രതിഷേധം അറിയിച്ചിരുന്നു.അഴിമതി,കരിദിനം, ഗുണ്ടായിസം, അരാജകവാദി, കുരങ്ങന്‍, കോവിഡ് വാഹകന്‍, അഴിമതിക്കാരന്‍, കുറ്റവാളി, മുതലക്കണ്ണീര്‍, ഗുണ്ടായിസം, നാടകം, കഴിവില്ലാത്തവന്‍, കാപട്യം, ഗുണ്ട, ചതി, അഹങ്കാരം, നാട്യം എന്നിങ്ങനെയുള്ള വാക്കുകള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

ലോക്‌സഭ സെക്രട്ടേറിയറ്റാണ് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം പുറത്തിറക്കിയത്. ഈ വാക്കുകള്‍ ഉപയോഗിച്ചാല്‍ അത് സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്യുമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. വാക്കുകളും പ്രയോഗങ്ങളും നീക്കം ചെയ്യുന്ന കാര്യത്തില്‍ രാജ്യസഭാ ചെയര്‍മാനും ലോക്സഭാ സ്പീക്കറുമാണ് തീരുമാനമെടുക്കേണ്ടത്.