"നിബന്ധനകളൊന്നുമില്ല. എനിക്ക് എപ്പോൾ വരാം?" ജമ്മു കശ്മീർ ഗവർണർക്ക് രാഹുൽ ഗാന്ധിയുടെ മറുപടി

ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലികിന്റെ വിമര്‍ശനത്തിന് മറുപടിയുമായി വീണ്ടും രാഹുല്‍ ഗാന്ധി. നിബന്ധനകളൊന്നുമില്ലാതെ ജമ്മു കശ്മീര്‍ സന്ദര്‍ശിച്ച് ആളുകളെ കാണാനുള്ള താങ്കളുടെ ക്ഷണം താന്‍ സ്വീകരിക്കുന്നു എന്നും തനിക്ക് എപ്പോൾ വരാൻ കഴിയുമെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ പുതിയ ട്വീറ്റ്.

നേരത്തെ സത്യപാല്‍ മാലിക് രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും ആരോപണം ഉന്നയിച്ചിരുന്നു. കശ്മീര്‍ പ്രശ്‌നത്തെ രാഹുല്‍ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണ് എന്നായിരുന്നു മാലികിന്റെ ആരോപണം.

പൊതുജനങ്ങള്‍ക്കു പ്രശ്‌നമുണ്ടാക്കാനും അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുമായി പ്രതിപക്ഷ നേതാക്കളുടെ പ്രതിനിധി സംഘത്തെ കശ്മീരിലേക്ക് കൊണ്ടുവരാനാണ് രാഹുല്‍ അനുമതി ചോദിച്ചതെന്നും തടവില്‍ കഴിയുന്ന നേതാക്കളെ കാണുന്നത് അടക്കമുള്ള ഉപാധികളാണ് രാഹുല്‍ കശ്മീര്‍ സന്ദര്‍ശിക്കുന്നതിനു മുമ്പെ മുന്നോട്ട് വെച്ചിരുന്നത് എന്നുമായിരുന്നു സത്യപാല്‍ മാലിക് പറഞ്ഞത്.

കശ്മീരിലെ സ്ഥിതിയെ കുറിച്ചുള്ള വ്യാജവാര്‍ത്തകൾ കേട്ടിട്ടാവും രാഹുല്‍ പ്രതികരിക്കുന്നത്. അവഗണിക്കാവുന്ന സംഭവങ്ങള്‍ മാത്രമാണ് ഇവിടെയുണ്ടായിരിക്കുന്നത്. താഴ്‌വരയില്‍ നടക്കുന്ന സംഭവങ്ങളെ കുറിച്ച് കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്ന ദേശീയ മാധ്യമങ്ങൾ അദ്ദേഹം പരിശോധിക്കട്ടെയെന്നും മാലിക് പറഞ്ഞിരുന്നു.

നേരത്തേ; വിമാനം അയക്കാം, രാഹുല്‍ കശ്മീരിലേക്കു വന്ന് യാഥാര്‍ത്ഥ്യം കാണൂ എന്ന മാലിക്കിന്റെ പരിഹാസത്തിന് രാഹുല്‍ മറുപടി പറഞ്ഞിരുന്നു. കശ്മീരിലേക്കു വരുന്നുണ്ടെന്നും അതിന് തങ്ങള്‍ക്ക് എയര്‍ക്രാഫ്റ്റൊന്നും വേണ്ട സഞ്ചാര സ്വാതന്ത്ര്യം മാത്രം ഉറപ്പു വരുത്തിയാല്‍ മതി എന്നുമാണ് രാഹുൽ ട്വിറ്ററിൽ കുറിച്ചത്.