നിയമങ്ങളിൽ അപാകതയില്ലെന്ന് കേന്ദ്രം, വിട്ടുകൊടുക്കാതെ കർഷകരും; പതിനൊന്നാംവട്ട ചർച്ചയും പരാജയം

കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരുമായി കേന്ദ്രം നടത്തിയ പതിനൊന്നാംവട്ട ചർച്ചയും പരാജയപ്പെട്ടു. കാർഷിക നിയമങ്ങൾ ഒന്നര വർഷം വരെ സ്റ്റേ ചെയ്യാമെന്ന നിർദേശം തള്ളിയത് പുനഃപരിശോധിക്കണമെന്ന് കേന്ദ്ര സർക്കാർ കർഷക സംഘടനകളോട് ആവശ്യപ്പെട്ടു. സർക്കാർ മുന്നോട്ടുവെച്ചതിലും മികച്ചതായി എന്തെങ്കിലും ഉപാധിയുണ്ടെങ്കിൽ അറിയിക്കാൻ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ കർഷക നേതാക്കളോട് ആവശ്യപ്പെട്ടു. പഴയതിൽ കവിഞ്ഞൊന്നും പറയാനില്ലെന്നും കേന്ദ്രം കർഷകരെ അറിയിച്ചു. നിയമം പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് കർഷകരും അറിയിച്ചു.

റിപ്പബ്ലിക് ദിനത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് നാളെ ഉച്ചയ്ക്ക് പന്ത്രണ്ടിന് വിഗ്യാൻ ഭവൻ സീൽ ചെയ്യും. എന്തെങ്കിലും നിദേശമുണ്ടെങ്കിൽ അതിന് മുമ്പ് അറിയിച്ചാൽ പ്രത്യേക ചർച്ചയാകാമെന്നും നരേന്ദ്രസിംഗ് തോമർ വ്യക്തമാക്കി. ഇന്ന് ചർച്ച നടന്നത് വെറും 20 മിനിട്ട് മാത്രമാണ്. നിയമങ്ങൾ പിൻവലിക്കണമെന്ന നിലപാട് കർഷക സംഘടനകൾ ആവർത്തിച്ചു. ഇതോടെ, കേന്ദ്രം നിലപാട് കടുപ്പിച്ചു. ഇതിൽ കൂടുതൽ വഴങ്ങാനാവില്ലെന്ന് വ്യക്തമാക്കിയ കേന്ദ്രമന്ത്രിമാർ വീണ്ടും ചർച്ചയ്ക്കിരിക്കണമെങ്കിൽ കർഷക സംഘടനകൾക്ക് തീയതി അറിയിക്കാമെന്ന് അറിയിച്ച് പുറത്തേക്ക് പോയി. വിഷയം ചർച്ച ചെയ്യുമെന്ന് കർഷക നേതാക്കൾ വ്യക്തമാക്കി. റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ പരേഡ് നടത്തുമെന്നും കർഷക സംഘടനകൾ കൂട്ടിച്ചേർത്തു.

കാർഷിക നിയമത്തിനെതിരെ നടക്കുന്ന സമരം ഇതോടെ രണ്ടാം മാസത്തിലേക്ക് നീളുകയാണ്. നവംബർ 26 മുതലായിരുന്നു ഡൽഹി അതിർത്തിയിൽ കർഷകർ‌ അതിശക്തമായ സമരം തുടങ്ങിയത്.

സമരം നിർത്തിയാൽ ഒന്നര വർഷം വരെ നിയമം നടപ്പാക്കാതെ നിർത്തിവയ്‌ക്കാമെന്നായിരുന്നു പത്താംവട്ട ചർച്ചയിൽ കേന്ദ്ര സർക്കാർ അറിയിച്ചിരുന്നത്. ഈ നിലപാട് കർഷകർ തള‌ളിക്കളഞ്ഞു. താങ്ങുവില ഉറപ്പാക്കുന്നതിന് സർക്കാർ നിയമം കൊണ്ടുവരണമെന്നാണ് കർഷക സംഘടനകൾ ഇന്ന് യോഗത്തിൽ ആവശ്യപ്പെട്ടത്.