ആര്‍.ജെ.ഡിയുമായി സഖ്യത്തിനില്ല, ബിഹാറില്‍ ബി.എസ്.പി ഒറ്റയ്ക്ക് മത്സരിക്കും

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബീഹാറില്‍ മഹാസഖ്യത്തിന്റെ ഭാഗമാകാനുള്ള ആര്‍.ജെ.ഡിയുടെ ക്ഷണം നിരസിച്ച് ബി.എസ്.പി. ബീഹാറിലെ 40 സീറ്റുകളിലും തനിച്ച് മത്സരിക്കാനാണ് ബി.എസ്.പിയുടെ തീരുമാനം. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായി വിളിച്ചു ചേര്‍ന്ന യോഗത്തിലാണ് സഖ്യം വേണ്ടന്ന നിലപാടില്‍ ബിഎസ്പി എത്തിയത്.

കഴിഞ്ഞ ദിവസം ലഖ്‌നൗവില്‍ ചേര്‍ന്ന പാര്‍ട്ടി നേതാക്കളുടെ യോഗത്തിലാണ് ആര്‍.ജെ.ഡിയുമായി സഖ്യം വേണ്ടെന്ന നിലപാടില്‍ ബി.എസ്.പി എത്തിയത്. നേരത്തെ കോണ്‍ഗ്രസുമായി സഖ്യമുണ്ടാകില്ലെന്ന് മായാവതി വ്യക്തമാക്കിയിരുന്നു.

അതേസമയം, കഴിഞ്ഞ ജനുവരിയില്‍ ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് മായാവതിയെ ലഖ്‌നൗവിലെ വസതിയില്‍ ചെന്ന് കണ്ടിരുന്നു. പിറന്നാള്‍ ആശംസ അറിയിക്കാന്‍ പോയ വേളയില്‍ മഹാസഖ്യത്തിന്റെ ഭാഗമാകാന്‍ മായാവതിയെ തേജസ്വി യാദവ് ക്ഷണിച്ചതായും ആര്‍.ജെഡി നേതാവ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബി.എസ്.പി ഇതുവരെ തീരുമാനമൊന്നും തങ്ങളെ അറിയിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.