നിതീഷ് കുമാര്‍ എന്‍ഡിഎ വിടുന്നു? സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തി

നിതീഷ് കുമാര്‍ എന്‍ഡിഎ വിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. സോണിയ അടക്കമുള്ള പ്രതിപക്ഷനേതാക്കളുമായി നിതീഷ്‌കുമാര്‍ ചര്‍ച്ച നടത്തിയ സാഹചര്യത്തിലാണ് അഭ്യൂഹങ്ങള്‍ ശക്തമാകുന്നത്. ജെഡിയു എം.പിമാരുടേയും എം.എല്‍.എമാരുടേയും യോഗം ചൊവ്വാഴ്ച പട്‌നയില്‍. ജെ.ഡി.യുവും, ആര്‍.ജെ.ഡിയും കോണ്‍ഗ്രസും നാളെ എം.എല്‍.എമാരുടെ യോഗം ചേരും.

ഒരു മാസത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നടന്ന രണ്ടാമത്തെ യോഗവും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ബഹിഷ്‌കരിച്ചിരുന്നു. ബി.ജെ.പിയുമായി നിരവധി വിഷയങ്ങളില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നതിനിടെയാണ് എന്‍.ഡി.എ ഘടകകക്ഷി ജെ.ഡി.യു തലവന്‍ കൂടിയായ നിതീഷ് സുപ്രധാന യോഗങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുന്നത്.

മുഖ്യമന്ത്രിമാര്‍, കേന്ദ്ര ഭരണപ്രദേശങ്ങളിലെ ലെഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍ എന്നിവരാണ് ഇന്നത്തെ നിതി ആയോഗ് യോഗത്തില്‍ സംബന്ധിച്ചത്. യോഗത്തില്‍ നിതീഷിന്റെ പ്രതിനിധിയും പങ്കെടുത്തിട്ടില്ല. അതിനിടെ, കോവിഡില്‍നിന്ന് തൊട്ടുമുന്‍പാണ് നിതീഷ് മുക്തനായതെന്നും പകരം പ്രതിനിധിയെ അയക്കാന്‍ ആലോചിച്ചിരുന്നുവെന്നും വിശദീകരണം വന്നിട്ടുണ്ട്. എന്നാല്‍, മുഖ്യമന്ത്രിമാര്‍ക്കു മാത്രമേ യോഗത്തില്‍ പങ്കെടുക്കാന്‍ അനുമതിയുണ്ടായിരുന്നുള്ളൂ. ഇതിനാലാണ് ബിഹാറില്‍നിന്ന് ആരും യോഗത്തിനെത്താതിരുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.

കഴിഞ്ഞ മാസം മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനു വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി സംഘടിപ്പിച്ച വിരുന്നിലും നിതീഷ് പങ്കെടുത്തിരുന്നില്ല. പുതിയ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍നിന്നും അദ്ദേഹം വിട്ടുനിന്നിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗവും നിതീഷ് ബഹിഷ്‌ക്കരിച്ചിട്ടുണ്ട്.