ഡൽഹി തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പങ്കാളിയാകാനുള്ള ജെ.ഡി.യു തീരുമാനത്തെ വിമർശിച്ച പവൻ വർമ്മയോട് പാർട്ടി വിട്ടുപോകാമെന്ന് നിതീഷ് കുമാർ

പൗരത്വ നിയമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിനിടയിലും ഡൽഹി തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പങ്കാളിയാകാനുള്ള ജെ.ഡി.യുവിന്റെ തീരുമാനത്തെ പരസ്യമായി വിമർശിച്ച പവൻ വർമ്മയോട് പാർട്ടി വിട്ടുപോകാമെന്ന സൂചന നൽകി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. “അദ്ദേഹത്തിന് ഇഷ്ടമുള്ള ഏത് പാർട്ടിയിലും ചേരാനുള്ള സ്വാതന്ത്ര്യമുണ്ട്, എന്റെ ആശംസകൾ,” ബിഹാർ മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.

മുൻ രാജ്യസഭാ അംഗവും ജെഡിയുവിന്റെ ദേശീയ ജനറൽ സെക്രട്ടറിയുമായ പവൻ വർമ്മ ചൊവ്വാഴ്ച നിതീഷ് കുമാറിന് ഒരു കത്ത് ട്വീറ്റ് ചെയ്തിരുന്നു. ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ഡൽഹി തിരഞ്ഞെടുപ്പിൽ ബിജെപിയുമായുള്ള സഖ്യം അദ്ദേഹത്തെ വല്ലാതെ അസ്വസ്ഥനാക്കി എന്ന് ട്വീറ്റിൽ പറഞ്ഞു. ബിജെപിയെയും അതിന്റെ പ്രത്യയശാസ്ത്ര അടിത്തറയായ ആർ‌എസ്‌എസിനേയും കുറിച്ച് മുഖ്യമന്ത്രി കടുത്ത ആശങ്ക പ്രകടിപ്പിച്ച ഒരു സ്വകാര്യ സംഭാഷണത്തെ കുറിച്ചും  ട്വീറ്റിൽ പരാമർശിച്ചിട്ടുണ്ട്.

“ഞങ്ങളുടെ നിലപാട് വ്യക്തമാണ്, അതിൽ ആശയക്കുഴപ്പമില്ല. ആർക്കെങ്കിലും എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ, ആ വ്യക്തിക്ക് പാർട്ടിക്കുള്ളിലോ പാർട്ടി യോഗങ്ങളിലോ ഇത് ചർച്ച ചെയ്യാം, പക്ഷേ ഇത്തരത്തിൽ പരസ്യ പ്രസ്താവനകൾ നൽകുന്നത് ആശ്ചര്യകരമാണ്. ഇത് സംസാരിക്കാനുള്ള വഴിയാണോ?” പവൻ വർമ്മയുടെ ട്വീറ്റിൽ പ്രകോപിതനായ നിതീഷ് കുമാർ പറഞ്ഞു. നിതീഷ് കുമാറിന്റെ വാക്കുകൾക്ക് തന്നെയാണ് പാർട്ടിയിൽ പ്രാമുഖ്യമെന്നും പവൻ വർമ്മയുടെ പ്രസ്താവനകൾ പാർട്ടി ലൈനിനെ പ്രതിനിധീകരിക്കുന്നില്ലെന്നും ബിജെപിയോട് പരോക്ഷമായ ആശയവിനിമയം നടത്തുന്നതുമാണെന്നും സൂചിപ്പിക്കുന്നതാണ് നിതീഷ് കുമാറിന്റെ മറുപടി.

“പാർട്ടി വിടുക എന്നത് എല്ലാവർക്കുമുള്ള ഒരു ഓപ്ഷനാണ്, എനിക്കറിയാം,” പാർട്ടിക്കുള്ളിൽ ചർച്ചയ്ക്ക് ഇടമുണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്തുകൊണ്ട് പവൻ വർമ്മ പ്രതികരിച്ചു. “അദ്ദേഹത്തെ വേദനിപ്പിക്കുകയെന്നത് ഒരിക്കലും എന്റെ ഉദ്ദേശ്യമായിരുന്നില്ല”, തന്റെ കത്തിന് മറുപടി ലഭിച്ച ശേഷം എന്തുചെയ്യണമെന്ന് തീരുമാനിക്കുമെന്നും പവൻ വർമ്മ പറഞ്ഞു.

“ഒന്നിലധികം സന്ദർഭങ്ങളിൽ, ബിജെപി- ആർ‌എസ്‌എസ് സംയോജനത്തെ കുറിച്ച് നിങ്ങൾ കടുത്ത ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇവയാണ് നിങ്ങളുടെ യഥാർത്ഥ കാഴ്ചപ്പാടുകൾ എങ്കിൽ, ബിഹാറിന് പുറത്ത് ജെഡിയു ബിജെപിയുമായുള്ള സഖ്യം എങ്ങനെ വ്യാപിപ്പിക്കുന്നുവെന്ന് മനസ്സിലാക്കാന്‍  എനിക്ക് കഴിയുന്നില്ല. അതും അകാലിദൾ പോലെ ദീർഘകാല സഖ്യകക്ഷികൾ പോലും ബിജെപിയോട് ചേരാൻ മടിക്കുന്ന സമയത്ത്. സി‌എ‌എ- എൻ‌പി‌ആർ-എൻ‌ആർ‌സി സംയോജനത്തിലൂടെ ബി‌ജെ‌പി രാജ്യത്തിന്റെ സമാധാനം, ഐക്യം, സ്ഥിരത എന്നിവ വികൃതമാക്കുന്നതിന് ലക്ഷ്യമിട്ടുള്ള വിപുലമായ സാമൂഹിക വിഭജന അജണ്ട നടപ്പിലാക്കിയ സമയത്താണ് ഇത് സംഭവിക്കുന്നത്, ”പവൻ വർമ്മ കത്തിൽ പറഞ്ഞു.