'പണം ഉണ്ടാക്കലല്ല അപകടം കുറയ്ക്കുകയാണ് ലക്ഷ്യം'; മോട്ടോര്‍ വാഹന നിയമ ഭേദഗതിയില്‍ സംസ്ഥാനങ്ങള്‍ക്ക് പിഴ തീരുമാനിക്കാമെന്ന് കേന്ദ്ര മന്ത്രി

പുതിയ മോട്ടോര്‍ വാഹന നിയമ ഭേദഗതിയില്‍ സംസ്ഥാനങ്ങള്‍ക്ക് പിഴ നിശ്ചയിക്കാമെന്നും ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ ഇറക്കുമെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. പണം ഉണ്ടാക്കലല്ല അപകടങ്ങള്‍ കുറയ്ക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

ബിജെപി ഭരിക്കുന്ന ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ പിഴത്തുക കുറച്ച സാഹചര്യത്തിലാണ് കേന്ദ്രം നിലപാടില്‍ അയവ് വരുത്തുന്നത്. ഗുജറാത്ത് പിഴത്തുക കുറയ്ക്കാന്‍ തീരുമാനിച്ചെങ്കിലും ഇതുവരെ വിജ്ഞാപനം ഇറക്കിയിട്ടില്ല. തുക കുറയ്ക്കാന്‍ സംസ്ഥാനത്തിന് അധികാരമുണ്ടോയെന്ന കാര്യത്തില്‍ കേന്ദ്രം വ്യക്തത വരുത്താത്തതിനാലാണിത്. ഗുജറാത്ത് തീരുമാനത്തോട് കേന്ദ്രം എങ്ങനെ പ്രതികരിക്കുന്നുവെന്ന് നോക്കിയിട്ട് തുടര്‍നടപടിയെടുക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റ തീരുമാനം. അയ്യായിരം, പതിനായിരം രൂപ പിഴയായി ഈടാക്കുന്ന എട്ട് കേസുകളില്‍ പരമാവധി ഇത്ര തുക വരെ ഈടാക്കാം എന്നാണ് ഭേദഗതിയില്‍ പറയുന്നത്.

അതേസമയം, ഗതാഗത നിയമ ലംഘനത്തിന് ഏര്‍പ്പെടുത്തിയ ഉയര്‍ന്ന പിഴ കുറയ്ക്കുന്നതിനെ കുറിച്ച് തീരുമാനിക്കാന്‍ തിങ്കളാഴ്ച ഗതാഗതമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും. തുക കുറച്ച ഗുജറാത്ത് മാതൃക പിന്തുടരാനാകുമോയെന്നാണ് പരിശോധിക്കുന്നത്.

പിഴത്തുക കുറയ്ക്കുന്നതിനെ കുറിച്ച് നിയമവകുപ്പിന്റ അഭിപ്രായവും തേടിയിട്ടുണ്ട്. കുറയ്ക്കാന്‍ അനുമതി കിട്ടിയാല്‍ പുതിയ വിജ്ഞാപനം ഇറക്കണം. ഇതിന്റ കരട് തയ്യാറാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.