കരിനിയമം അഫ്‌സ്പ ഭേദഗതി ചെയ്യുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനം: എതിര്‍ത്ത് കേന്ദ്രമന്ത്രി; സേനയ്ക്ക് അമിതാധികാരം നല്‍കുന്ന നിയമത്തിന് ബി.ജെ.പി മന്ത്രിയുടെ പിന്തുണ

ലോക്സഭ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഇന്ത്യന്‍ സായുധ സേനകള്‍ക്ക് അമിതാധികാരങ്ങള്‍ നല്‍കുന്നതാണ് അഫ്സ്പ നിയമത്തില്‍ ഭേദഗതി കൊണ്ടു വരുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനത്തിനെതിരെ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍. കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലെ പ്രഖ്യാപനം വഞ്ചനാപരമാണെന്നും സായുധസേനയെ ദുര്‍ബലപ്പെടുത്തുമെന്നും സീതാരാമന്‍ വിമര്‍ശിച്ചു.

പൗരന്മാരെ കാരണമില്ലാതെ വെടിവെച്ച് കൊല്ലുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതടക്കമുള്ള ഗുരുതര ആരോപണങ്ങള്‍ അഫ്‌സ്പ നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്നും പുറത്ത് വന്നിരുന്നു. 1958 ല്‍ കൊണ്ടു വന്ന സായുധ സേനയ്ക്ക് അമിതാധികാരം നല്‍കുന്ന ഈ നിയമത്തില്‍ ഭേദഗതി വരുത്തുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ പറയുന്നത്. സായുധസേന നടത്തുന്ന മനുഷ്വത്വ ലംഘനങ്ങളോട് കണ്ണടച്ചാണ് ബിജെപി മന്ത്രിയുടെ പ്രസ്താവന.

സായുധസേനയുടെ കയ്യും കാലും കെട്ടിയിടുന്ന പോലെയാണ് അഫ്‌സ്പ നിയമം ഭേദഗതി ചെയ്യുന്നതെന്നാണ് സീതാരാമന്റെ അഭിപ്രായം.

പൗരന്മാരുടെ അവകാശങ്ങളും സുരക്ഷാ സേനയുടെ അധികാരങ്ങളും തമ്മില്‍ സന്തുലിതത്വമുണ്ടാക്കുന്നതിന് 1958 ലെ ആംഡ് ഫോഴ്സസ് (സ്പെഷ്യല്‍ പവേഴ്സ്) ആക്ടില്‍ ആവശ്യമായ ഭേദഗതി കൊണ്ടു വരുമെന്നാണ് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്നാല്‍ അഫസ്പയും ജമ്മു കശ്മീരിലെ ഡിസറ്റര്‍ബ്ഡ് ഏരിയാസ് നിയമവും പുനഃപരിശോധിക്കുമെന്നും ആവശ്യമായ ഭേദഗതികള്‍ വരുത്തുമെന്നും പ്രകടനപത്രികയില്‍ പറയുന്നു. ജമ്മു കശ്മീരിനു പുറമെ, നാഗാലാന്‍ഡ്, മണിപ്പൂര്‍ എന്നിവിടങ്ങളിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളിലുമാണ് അഫസ്പ നിലവിലുള്ളത്. ആരേയും അറസ്റ്റ് ചെയ്യാനും നിയമം ലംഘിക്കുന്ന ആര്‍ക്കു നേരേയും നിറയൊഴിക്കാനും സായുധസേനകള്‍ക്ക് പ്രത്യേക അധികാരം നല്‍കുന്നതാണ് അഫ്സ്പ.

പൗരന്മാരെ പീഡിപ്പിക്കുന്നതിനും കാരണമില്ലാതെ വെടിവെച്ചു കൊല്ലുന്നതിനും അധികാരം നല്‍കുന്ന അഫസ്പ നിയമം പിന്‍വലിക്കണമെന്ന് മനുഷ്യാവകശ സംഘടനകള്‍ ദീര്‍ഘകാലമായി ആവശ്യപ്പെട്ടു വരുന്നതാണ്. അഫ്സ്പ നിലവിലുള്ള പ്രദേശങ്ങളില്‍ വിചാരണ കൂടാതെ പൗരന്മാരെ വെടിവെച്ചു കൊല്ലുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നതായി വിവിധ സംഘടനകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. മണിപ്പൂരി ആക്ടിവിസ്റ്റ് ഇറോം ശര്‍മിള 2000 മുതല്‍ 2016 വരെ ഈ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് നിരാഹാര സമരം നടത്തിയത്.