ആശുപത്രിയില്‍ കഴിയുന്ന തരൂരിനെ സന്ദര്‍ശിച്ച് നിര്‍മല സീതാരാമന്‍; കേന്ദ്രമന്ത്രിയുടെ മര്യാദ ഇന്ത്യന്‍ രാഷ്ട്രീയക്കാരില്‍ അപൂര്‍വമെന്ന് എംപി

ഗാന്ധാരിയമ്മന്‍ കോവിലിലെ തുലാഭാര നേര്‍ച്ചയില്‍ ത്രാസ് പൊട്ടി വീണുണ്ടായ അപകടത്തില്‍ പരിക്കേറ്റ തിരുവനന്തപുരം എംപിയും കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥിയുമായ ശശി തരൂരിനെ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ സന്ദര്‍ശിച്ചു. നിലവില്‍ തരൂരിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്.

പ്രചാരണ തിരിക്കിനിടയിലും തന്നെ സന്ദര്‍ശിച്ച നിര്‍മ്മല സീതാരാമന് തരൂര്‍ നന്ദി അറിയിച്ചു. ട്വീറ്ററിലൂടെയാണ് തരൂര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്രമന്ത്രിയുടെ മര്യാദ ഇന്ത്യന്‍ രാഷ്ട്രീയക്കാരില്‍ അപൂര്‍വമെന്നും തരൂര്‍ വ്യക്തമാക്കി.

തലയില്‍ ആറ് തുന്നിക്കെട്ടുണ്ട്. ന്യൂറോ സര്‍ജറി ഐസിയുവില്‍ നിരീക്ഷണത്തിലുള്ള തരൂരിനെ ഇന്ന് വിശദമായ പരിശോധനയ്ക്ക് വിധേയനാക്കും. അതിന് ശേഷമായിരിക്കും തുടര്‍ചികിത്സ സംബന്ധിച്ച് തീരുമാനമെടുക്കുക.