രണ്ടായിരം രൂപ നോട്ടിന്റെ ലഭ്യതയില്‍ കുറവുണ്ടാകും; വിശദീകരണവുമായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

വിപണിയില്‍ ഇനി രണ്ടായിരം രൂപ നോട്ടിന്റെ ലഭ്യതയില്‍ കുറവുണ്ടായേക്കും. അതേ സമയം നോട്ടിന്റെ വിതരണം നിര്‍ത്തിയിട്ടില്ലെന്നും, തനിക്കറിയാവുന്നിടത്തോളം ഇത് സംബന്ധിച്ച് യാതൊരു നിര്‍ദ്ദേശവും കേന്ദ്ര സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നല്‍കിയിട്ടില്ലെന്നും നിര്‍മ്മല സീതാരാമന്‍ പൊതുമേഖലാ ബാങ്ക് മേധാവികളുടെ യോഗത്തില്‍ വ്യക്തമാക്കി.

രാജ്യത്തെ എടിഎമ്മുകളില്‍ രണ്ടായിരം രൂപ നോട്ട് ലഭിക്കുന്നില്ലെന്നും, പകരം 500 രൂപ, 200 രൂപ, 100 രൂപ നോട്ടുകളുമാണ് നിറയ്ക്കുന്നതെന്ന റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെയാണ് നിര്‍മ്മല ഈ കാര്യത്തില്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. രണ്ടായിരം രൂപ നോട്ടുകള്‍ ഇപ്പോഴും നിയമവിധേയമാണെന്നാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്.

Read more

കഴിഞ്ഞ വര്‍ഷം വിവരാവകാശ നിയമപ്രകാരമുള്ള ഒരു ചോദ്യത്തിന് റിസര്‍വ് ബാങ്ക് നല്‍കിയ മറുപടിയില്‍ രണ്ടായിരം രൂപ നോട്ടിന്റെ അച്ചടി നിര്‍ത്തിയെന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെ വരുംനാളുകളില്‍ വിപണിയില്‍ 2,000 രൂപയുടെ നോട്ടില്‍ കുറവുണ്ടായേക്കും. കഴിഞ്ഞ ദിവസം പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ബാങ്ക് തങ്ങളുടെ എടിഎമ്മുകളില്‍ നിന്ന് ഇനി രണ്ടായിരം രൂപ നോട്ട് ലഭിക്കില്ലെന്ന് അറിയിച്ചിരുന്നു. രണ്ടായിരം രൂപ നോട്ടിന് ചില്ലറ ലഭിക്കാത്ത സാഹചര്യത്തില്‍ എടിഎമ്മുകളില്‍ നിന്ന് ഉയര്‍ന്ന കറന്‍സി പിന്‍വലിക്കാന്‍ മറ്റ് ചില ബാങ്കുകളും നേരത്തെ തീരുമാനിച്ചിരുന്നു.