പത്മശ്രീ ജേതാവ് നിർമൽ സിം​ഗ് കൊറോണ ബാധിച്ച് മരിച്ചു

കൊറോണ വൈറസ് ബാധയിൽ പത്മശ്രീ ജേതാവും സിഖ് ആത്മീയ ഗായകനുമായ നിര്‍മല്‍ സിം​ഗ് മരിച്ചു. പഞ്ചാബിലെ അമൃത്സറില്‍ ഇന്ന് പുലര്‍ച്ചെ 4.30 ഓടെയാണ് 62-കാരനായ നിര്‍മല്‍ സിംഗ് മരിച്ചത്.

ഇന്നലെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് നിര്‍മല്‍ സിംഗിനെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളാണ് അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതല്‍ അപകടത്തിലാക്കിയതെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ കെ.ബി.എസ് സിദ്ധു അറിയിച്ചു.

അടുത്തിടെ വിദേശത്തു നിന്ന് മടങ്ങിയെത്തിയ നിര്‍മല്‍ സിംഗിനെ ശ്വാസതടസ്സമടക്കമുള്ള രോഗങ്ങളെ തുടര്‍ന്നാണ്  മാര്‍ച്ച് 30ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടയിലാണ് കൊറോണ സ്ഥിരീകരിച്ചത്.

വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ശേഷം ഡല്‍ഹിയിലും ചണ്ഡിഗഢിലുമായി ഇയാള്‍ മത സമ്മേളനങ്ങളില്‍ പങ്കെടുത്തിരുന്നതായും അധികൃതര്‍ അറിയിച്ചു. കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം മാര്‍ച്ച് 19-ന് ചണ്ഡിഗഢിലെ ഒരു വീട്ടില്‍ “കീര്‍ത്തന”വും നടത്തി. ഇയാളുടെ രണ്ട് പെണ്‍മക്കള്‍, മകന്‍, ഭാര്യ, ഡ്രൈവര്‍, മറ്റു ആറു പേരേയും ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

2009-ലാണ് നിര്‍മല്‍ സിംഗിന് പദ്മശ്രീ നൽകി രാജ്യം ആദരിച്ചത്.