ദയാ ഹര്‍ജി താന്‍ നല്‍കിയതോ, ഒപ്പുവച്ചതോ അല്ല; പിന്‍വലിക്കണമെന്ന് നിര്‍ഭയ കേസ് പ്രതി വിനയ് ശര്‍മ്മ

ഡല്‍ഹി നിര്‍ഭയ കേസിലെ പ്രതികളിലൊരാളായ വിനയ് ശര്‍മ്മ തന്റെ പേരിലുള്ള ദയാ ഹര്‍ജി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രംഗത്ത്. ഹര്‍ജി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വിനയ് ശര്‍മ്മ രാഷ്ട്രപതിക്ക് അപേക്ഷ നല്‍കി.

തന്റെ പേരില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിക്ക് സമര്‍പ്പിച്ച ദയാഹര്‍ജി താന്‍ നല്‍കിയതോ ഒപ്പുവച്ചതോ അല്ലെന്നും അതിനാല്‍ അത് പിന്‍വലിക്കണമെന്നുമാണ് വിനയ് ശര്‍മയുടെ അപേക്ഷയില്‍ പറയുന്നത്.

2012ലെ ഡല്‍ഹി നിര്‍ഭയ കൂട്ടബലാല്‍സംഗ കേസിലെ രണ്ടാം പ്രതിയായ വിനയ് ശര്‍മ്മയുടെ ദയാഹര്‍ജി തള്ളണമെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം ദയാഹര്‍ജി ഡല്‍ഹി സര്‍ക്കാരും തള്ളിയിരുന്നു.

രാഷ്ട്രപതി കൂടി ദയാഹര്‍ജി തള്ളിയാല്‍ പ്രതികളെ തൂക്കിക്കൊല്ലാനുള്ള വാറണ്ട് പുറപ്പെടുവിക്കും. അടുത്ത തിങ്കളാഴ്ചയാണ് വിചാരണ കോടതിയില്‍ ദയാഹര്‍ജിയുമായി ബന്ധപ്പെട്ട കേസ് പരിഗണനയ്ക്ക് വരുന്നത്.