നിര്‍ഭയ കേസില്‍ മൂന്നാമത്തെ ദയാഹര്‍ജി ; പ്രതി അക്ഷയ് താക്കൂര്‍ രാഷ്ട്രപതിക്ക് അപേക്ഷ നല്‍കി

ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ പ്രതി അക്ഷയ് താക്കൂര്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കി. കഴിഞ്ഞ ദിവസം കേസിലെ മറ്റൊരു കുറ്റവാളി വിനയ് ശര്‍മ്മ ദയാഹര്‍ജി നല്‍കിയിരുന്നു. ഈ ദയാഹര്‍ജി ഇന്ന് രാഷ്ട്പതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് മൂന്നാമത്തെ കുറ്റവാളിയായ അക്ഷയ് താക്കൂര്‍ രാഷ്ട്പതിയ്ക്ക് ദയാഹര്‍ജി നല്‍കിയിരിക്കുന്നത്്. നേരത്തെ മുകേഷ് സിങിന്റെ ദയാഹര്‍ജിയും രാഷ്ട്പതി തള്ളിയിരുന്നു.

ദയാഹര്‍ജി തള്ളിയാല്‍ 14 ദിവസം കഴിഞ്ഞ് മാത്രമേ പ്രതികളെ തൂക്കിലേറ്റാവൂ എന്നാണ് ചട്ടം. വിനയ് ശര്‍മ്മ ദയാഹര്‍ജി നല്‍കിയ പശ്ചാതലത്തില്‍ കുറ്റവാളികളെന്ന് കണ്ടെത്തിയ നാല് പേരെയും തൂക്കിലേറ്റുന്നത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഡല്‍ഹി പാട്യാല ഹൗസ് കോടതി നിര്‍ത്തിവച്ചിരുന്നു. കുറ്റവാളികള്‍ക്ക് സാധ്യമായ എല്ലാ നിയമപരമായ അവകാശങ്ങളും പ്രതികള്‍ക്ക് തേടാമെന്നും അതിന് ശേഷമേ ശിക്ഷാവിധി നടപ്പിലാക്കൂ എന്നുമാണ് കോടതി വ്യക്തമാക്കിയിട്ടുണ്ട്. വിനയ് ശര്‍മ്മ നല്‍കിയ ഹര്‍ജിയിലാണ് ഡല്‍ഹി പട്യാല കോടതിയുടെ നടപടി.

കേസിലെ മറ്റൊരു പ്രതിയായ പവന്‍ ഗുപ്ത നല്‍കിയ ഹര്‍ജി സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു. കുറ്റകൃത്യം നടക്കുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന പവന്‍ഗുപ്തയുടെ വാദം നിരസിച്ചാണ് കോടതി ഹര്‍ജി തള്ളിയത്. എന്നാല്‍ വിധിക്കെതിരെ തിരുത്തല്‍ ഹര്‍ജി നല്‍കാന്‍ പവന്‍ ഗുപ്തയ്ക്ക് സാധിക്കുന്നുണ്ട്.

അതിനിടെ തിഹാര്‍ ജയിലില്‍ വധശിക്ഷയുടെ ഡമ്മി പരീക്ഷണം നടത്തി. കല്ലും മണ്ണും നിറച്ച് ഓരോ പ്രതിയുടെയും തൂക്കത്തിനനുസരിച്ച് തയ്യാറാക്കിയ ചാക്കുകള്‍ തൂക്കി നോക്കിയാണ് ഡമ്മി പരീക്ഷണം നടത്തിയത്. ഇന്നലെ ആരാച്ചാര്‍ പവന്‍ കുമാറിനെ തിഹാര്‍ ജയിലില്‍ എത്തിച്ചിരുന്നു. ഇന്ത്യയില്‍ ആദ്യമായിട്ടാണ് നാല് കുറ്റവാളികള്‍ക്ക് ഒരുമിച്ച് തൂക്കുകയറൊരുങ്ങുന്നത്. അതിനാല്‍ വളരെ വിശാലമായ രീതിയിലാണ് തൂക്കുമരത്തട്ട് തയ്യാറാക്കുന്നതെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. ഇത് രണ്ടാം തവണയാണ് ഡമ്മി പരീക്ഷണം നടത്തുന്നത്.

മരണവാറണ്ട് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നിര്‍ഭയകേസ് പ്രതി അക്ഷയ് സിംഗ് നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി ഇന്നലെ തള്ളിയിരുന്നു. ജസ്റ്റിസ് എന്‍ വി രമണ, അരുണ്‍ മിശ്ര, ആര്‍ എഫ് നരിമാന്‍, ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഫെബ്രുവരി ഒന്നിനാണ് കേസില്‍ നാല് കുറ്റവാളികളുടേയും വധശിക്ഷ നടപ്പാക്കാനുള്ള മരണവാറണ്ടിന്റെ സമയം അവസാനിക്കുന്നത്.

2012 ഡിസംബര്‍ 16-നാണ് 23 വയസ്സുള്ള പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനി ദില്ലിയില്‍ ബസ്സില്‍ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടത്. പീഡനശേഷം നഗ്‌നയാക്കിയ യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും ആക്രമികള്‍ വഴിയില്‍ തള്ളി. ക്രൂരമായ ബലാത്സംഗത്തിനിടെ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായ ക്ഷതങ്ങളേറ്റതിനെ തുടര്‍ന്ന് ദില്ലി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബര്‍ 29-ന് മരണം സംഭവിച്ചു.