നിര്‍ഭയ കേസ്: പ്രതികളുടെ വധ ശിക്ഷ നീട്ടി

നിര്‍ഭയ കേസ് പ്രതികളുടെ വധ ശിക്ഷ നടപ്പാക്കുന്നത് നീട്ടി. മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ പ്രതികളുടെ മരണ വാറന്റ് നീട്ടി വെക്കുകയാണെന്ന് ഡല്‍ഹി പാട്യാല ഹൗസ് കോടതിയാണ് ഉത്തരവിട്ടത്.

ഫെബ്രുവരി 1 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന വധശിക്ഷ നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് പ്രതികള്‍ പട്യാല ഹൗസ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കേസില്‍ ശിക്ഷയ്ക്കപ്പെട്ട് വധശിക്ഷ കാത്തുകഴിയുന്ന പ്രതികളായ അക്ഷയ് വിനയ് എന്നിവരാണ് ഹര്‍ജി നല്‍കിയത്. വധശിക്ഷ നാളെ രാവിലെ ആറുമണിയ്ക്ക് നടപ്പാക്കണമെന്നായിരുന്നു ഉത്തരവ്. തങ്ങളുടെ ദയാഹര്‍ജിയില്‍ രാഷ്ട്രപതി ഇതുവരെയും തീരുമാനമെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരും ഹര്‍ജി സമര്‍പ്പിച്ചത്.

വധശിക്ഷ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍ഭയ കേസ് പ്രതി നല്‍കിയ ഹര്‍ജി സുപ്രീം കോടതി തളളിയിരുന്നു. കുറ്റകൃത്യം നടന്ന സമയത്ത് താന്‍ പ്രായപൂര്‍ത്തിയായിരുന്നില്ലെന്നും അതിനാല്‍ വധശിക്ഷയില്‍ നിന്നും ഒഴിവാക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് പവന്‍ ഗുപ്ത ഹര്‍ജി നല്‍കിയത്.

ഇതേ ആവശ്യം ഉന്നയിച്ച് നേരത്തെ പവന്‍ കുമാര്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജികള്‍ കോടതി തള്ളിയിരുന്നു. ഈ വിധിയെ ചോദ്യം ചെയ്തു കൊണ്ടാണ് പവന്‍ കുമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

ദയാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനത്തിനെതിരെ നിര്‍ഭയക്കേസിലെ പ്രതി മുകേഷ് കുമാര്‍ സിംഗ് നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. ജസ്റ്റിസ് ഭാനുമതി അദ്ധ്യക്ഷയായ മൂന്നംഗ ബഞ്ചാണ് ഹര്‍ജി തള്ളിയത്.

ദയാഹര്‍ജിയില്‍ വേഗത്തില്‍ തീരുമാനമെടുത്തൂവെന്നു കരുതി അത് രാഷ്ട്രപതി കൃത്യമായി മനസ്സിലാക്കാതെയാണെന്നുള്ളത് അംഗീകരിക്കാനാകില്ലെന്നാണ് ബെഞ്ച് പറഞ്ഞത്. ആവശ്യമായ എല്ലാ രേഖകളും രാഷ്ട്രപതിക്ക് അയച്ചിട്ടുണ്ടെന്നും അത് പരിശോധിച്ചാണ് ദയാഹര്‍ജി തള്ളിയതെന്നും കോടതി അറിയിച്ചു.