നിപ ബാധയുടെ ലക്ഷണങ്ങളുമായി തമിഴ്‌നാട്ടില്‍ ഒരാള്‍ ചികിത്സയില്‍

നിപ ബാധയുടെ ലക്ഷണങ്ങളുമായി തമിഴ്‌നാട്ടില്‍ ഒരാള്‍ ചികിത്സയില്‍. കടലൂര്‍ ജില്ലയില്‍ നിന്നുള്ള ആളെ പുതുച്ചേരി ജിപ്‌മെര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനക്കയച്ച രക്ത സാമ്പിളിന്റെ ഫലം കാത്തിരിക്കുകയാണ് ആശുപത്രി അധികൃതര്‍.

ചികിത്സയിലുളളയാള്‍ മലപ്പുറത്തെ തിരൂരില്‍ കെട്ടിട്ട നിര്‍മ്മാണ തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു എന്നാണ് വിവരം. പനി കൂടിയ സാഹചര്യത്തില്‍ മരുമകന്‍ കേരളത്തില്‍ നിന്ന് സ്വദേശമായ തമിഴ്‌നാട്ടിലേക്ക് എത്തിക്കുകയായിരുന്നു.

കടലൂരിലെ ജനറല്‍ ആശുപത്രിയിലായിരുന്നു ആദ്യം പ്രവേശിപ്പിച്ചത്. നിപ ബാധയുണ്ടോയെന്ന സംശയത്തെ തുടര്‍ന്നാണ് 79- കാരനായ ഇയാളെ പുതുച്ചേരി ജിപ്മറിലേക്ക് മാറ്റിയത്.

ഇയാളുമായി അടുത്ത് ഇടപഴകിയ കുടുംബാംഗങ്ങള്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നിലവില്‍ ജിപ്‌മെറില്‍ തയ്യാറാക്കിയ പ്രത്യേക ഐസോലേഷന്‍ വാര്‍ഡിലാണ് രോഗ ലക്ഷണങ്ങളോടു കൂടിയ ആളെ പ്രവേശിപ്പിച്ചിരിക്കുന്നത്.