തമിഴ്നാട്ടിലും നിപ; കോയമ്പത്തൂരിൽ രോ​ഗബാധ സ്ഥിരീകരിച്ചു

കേരളത്തിന് പുറമെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിലും നിപ വൈറസ് സ്ഥിരീകരിച്ചു. കോയമ്പത്തൂരിൽ ഒരാൾക്ക് രോ​ഗബാധ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ ഡോ. ജി.എസ് സമീരൻ അറിയിച്ചു.

കഴിഞ്ഞ ദിവസം പനിയെ തുടർന്ന് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആൾക്കാണ് രോ​ഗബാധ. എല്ലാവിധ മുൻകരുതലുകളും സ്വീകരിച്ചുവെന്നും കലക്ടർ പറഞ്ഞു.

കേരളത്തിൽ 12 വയസുകാരൻ നിപ്പ ബാധിച്ചു മരിച്ചതിനു പിന്നാലെയാണ് തമിഴ്‌നാട്ടിലും രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ ചാത്തമം​ഗലം സ്വദേശിയാണ് മരിച്ചത്.

അതേസമയം കേരളത്തിൽ എട്ടുപേർക്കുകൂടി നിപ്പ ലക്ഷണങ്ങൾ കണ്ടെത്തി. ഇവരുടെ സാംപിളുകൾ പരിശോധനയ്ക്കായി അയച്ചു. സമ്പർക്കപ്പട്ടികയിൽ 251 പേർക്കൂടി ഉൾപ്പെടുമെന്ന് ജില്ലാ കലക്ടർ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.

നിപ്പയുടെ ഉറവിടം കണ്ടെത്താനുള്ള മൃഗസംരക്ഷണ വകുപ്പിൻറെ പരിശോധന തുടങ്ങി. നിപ്പ ബാധിച്ച് മരിച്ച 12 വയസുകാരൻ മുഹമ്മദ് ഹാഷിമിൻറെ വീട് സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് പരിശോധന.

Read more

ഹാഷിമിന്റെ വീട്ടിലെ ആടിന്റെ സ്രവം എടുത്തു. ആടിന് രണ്ട് മാസം മുൻപ് അസുഖം വന്നിരുന്നു. വനംവകുപ്പിന്റെ സഹായത്തോടെ വവ്വാലുകളുടേയും കാട്ടുപന്നികളുടേയും സ്രവം എടുക്കും.