എൻ.ഐ.എ ഭേദഗതി ബിൽ ലോക്സഭ പാസാക്കി, വ്യക്തികളെ ഭീകരവാദികളാക്കി പ്രഖ്യാപിക്കാൻ എൻ.ഐ.എയ്ക്ക് അധികാരം

വിവാദമായ എന്‍.ഐ.എ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസാക്കി. 66 നെതിരെ 278 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. സംഘടനകള്‍ക്ക് പുറമെ വ്യക്തികളെ കൂടി ഭീകരവാദികളാക്കി പ്രഖ്യാപിക്കാന്‍ എന്‍.ഐ.എക്ക് അധികാരം നല്‍കുന്നതാണ് ഭേദഗതി.

ഭേദഗതി രാജ്യത്തെ ഭീകരവാദത്തെ ഇല്ലാതാക്കാന്‍ ഉള്ളതാണെന്നും മതത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കില്ലെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ബില്ലിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്.

Read more

എന്‍.ഐ.എയ്ക്ക് ഇതുവരെ സംഘടനകളെ നിരോധിക്കാനും സ്വത്തു വകകള്‍ കണ്ടുകെട്ടാനുമാണ് അധികാരമുണ്ടായിരുന്നത്. എന്നാൽ ഈ ഭേദഗതിയിലൂടെ വ്യക്തികളുടെ കാര്യത്തിലും എന്‍.ഐ.എയ്ക്ക് സമാനമായ അധികാരം ലഭിയ്ക്കും. സൈബര്‍ ക്രൈമുകള്‍, മനുഷ്യക്കടത്ത്, വിദേശ രാജ്യങ്ങളിലെ ഭീകരവാദ കേസുകള്‍ എന്നിവ നേരിട്ട് അന്വേഷിക്കാനും എന്‍.ഐ.എയ്ക്ക് അധികാരമുണ്ടാവും.
ബില്ലിനെ ചൊല്ലി സഭയില്‍ അമിത് ഷായും അസദുദ്ദീന്‍ ഒവൈസിയും തമ്മില്‍ വാഗ്വാദമുണ്ടായി. താങ്കള്‍ എന്നെ വിരല്‍ ചൂണ്ടി ഭയപ്പെടുത്താന്‍ നോക്കേണ്ട എന്ന് ഉവൈസി പറഞ്ഞു. താന്‍ ആരെയും ഭയപ്പെടുത്തിയിട്ടില്ലെന്നും താങ്കളുടെ മനസില്‍ ഭയം ഉണ്ടെങ്കില്‍ തനിക്ക് എന്തു ചെയ്യാന്‍ പറ്റുമെന്നും അമിത് ഷാ തിരിച്ചടിച്ചു.
ഒരു സമുദായത്തെ അകാരണമായി വേട്ടയാടാനാണ് നിയമം വഴിയൊരുക്കുകയെന്ന് ഡി.എം.കെ നേതാവ് എ. രാജ കുറ്റപ്പെടുത്തി. മനുഷ്യാവകാശങ്ങള്‍ക്കു നേര്‍ക്കുള്ള കടന്നു കയറ്റമാണ് പുതിയ ഭേദഗതിയെന്ന് കോണ്‍ഗ്രസ് എം.പി മനീഷ് തിവാരി കുറ്റപ്പെടുത്തി.