അമേരിക്കയെയും ചൈനയെയും അപേക്ഷിച്ച് ഇന്ത്യ മെച്ചപ്പെട്ട നിലയില്‍: ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍

ആഗോള സമ്പദ് വ്യവസ്ഥയില്‍ ആശങ്കയെന്നും അമേരിക്കയെയും ചൈനയെയും അപേക്ഷിച്ച് ഇന്ത്യ മെച്ചപ്പെട്ട നിലയിലാണെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍. യുഎസ്, ജര്‍മനി ഉള്‍പ്പെടെയുള്ള രാജ്യാന്തര ശക്തികള്‍ സാമ്പത്തിക വളര്‍ച്ചയില്‍ കുറവ് രേഖപ്പെടുത്തുമ്പോഴും ഇന്ത്യയ്ക്കു കാര്യമായ പ്രശ്‌നമില്ല. വളര്‍ച്ചാനിരക്കില്‍ ഇവര്‍ക്കും മുകളിലാണ് ഇന്ത്യ. ചൈനയുമായി താരതമ്യം ചെയ്യുമ്പോഴും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ വളര്‍ച്ചയിലാണ്. സാമ്പത്തിക പുനരുജ്ജീവന നടപടികളുമായി മുന്നോട്ടു പോകുമെന്നും ധനമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സാമ്പത്തിക പുനരുജ്ജീവന നടപടികളുമായി രാജ്യം മുന്നോട്ടു പോകുകയാണ്. ജിഎസ്.ടി നിരക്കുകള്‍ ലളിതമാക്കുമെന്നും ഇതു സംബന്ധിച്ച് ഞായറാഴ്ച ഉദ്യോഗസ്ഥരുടെ യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.
ജിഎസ്ടി റീഫണ്ട് വൈകിക്കില്ല. കഴിഞ്ഞ ബജറ്റില്‍ കൊണ്ടുവന്നിരുന്ന സൂപ്പര്‍ റിച്ച് ടാക്‌സില്‍നിന്ന് വിദേശ നിക്ഷേപകരെ ഒഴിവാക്കിയതായും മന്ത്രി അറിയിച്ചു.

നികുതി റിട്ടേണ്‍ കൂടുതല്‍ സുതാര്യമാക്കും. സിഎസ്ആര്‍ വയലേഷന്‍ ക്രിമിനല്‍ കുറ്റമായി കണക്കാക്കില്ല. സംരംഭകര്‍ക്ക് ഉദ്യോഗസ്ഥരുടെ ഉപദ്രവം ഉണ്ടാകില്ല. ആദായനികുതി വകുപ്പിന്റെ പ്രവര്‍ത്തനം കേന്ദ്രീകൃത രീതിയിലാക്കും. എല്ലാ ഉത്തരവുകളും നോട്ടീസുകളും ഒരു കേന്ദ്രത്തില്‍നിന്നായിരിക്കും ഉണ്ടാവുക. എന്നീ തീരുമാനങ്ങളും മന്ത്രി അറിയിച്ചു.

കേന്ദ്ര ബജറ്റില്‍ അതിസമ്പന്നര്‍ക്ക് ഏര്‍പ്പടുത്തിയ അധിക സര്‍ചാര്‍ജില്‍ നിന്ന് വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരെ (എഫ്പിഐ) ഒഴിവാക്കി. 2 മുതല്‍ 5 കോടി വരെ വാര്‍ഷിക നികുതി നല്‍കുന്നവര്‍ക്ക് മൂന്നു ശതമാനവും അഞ്ചു കോടിയോ അതിനു മുകളിലോ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ഏഴു ശതമാനവും തുകയാണ് സൂപ്പര്‍ റിച്ച് ടാക്‌സ് എന്ന പേരില്‍ സര്‍ചാര്‍ജായി ഇക്കഴിഞ്ഞ ജൂലൈയിലെ ബജറ്റില്‍ ഏര്‍പ്പെടുത്തിയത്. നിലവിലുള്ള ആദായനികുതിക്കു പുറമെയായിരുന്നു ഇത്. തുടര്‍ന്ന് എഫ്പിഐ നിക്ഷേപകര്‍ കൂട്ടത്തോടെ നിക്ഷേപം പിന്‍വലിക്കാന്‍ തുടങ്ങിയത് ഓഹരി വിപണിയെ ഉലച്ചിരുന്നു. ഈ പ്രവണത തുടരുന്നതിനിടെയാണിപ്പോള്‍ ധനമന്ത്രിയുടെ പ്രഖ്യാപനം.