എന്‍.ജി.ഒകൾ നിയമവിരുദ്ധമായി വിദേശസഹായം സ്വീകരിച്ചു; 40 സ്ഥാപനങ്ങളില്‍ സി.ബി.ഐ റെയ്ഡ്, പത്ത് പേർ അറസ്റ്റില്‍

എന്‍ജിഒകള്‍ക്ക് നിയമവിരുദ്ധമായി വിദേശസഹായം സ്വീകരിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കി നല്‍കുകയും അതിനായി കൈക്കൂലി വാങ്ങുകയും ചെയ്ത സംഭവത്തില്‍ അഞ്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 10 പേരെ സിബിഐ കസ്റ്റഡിയില്‍ എടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സിബിഐക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന കഴിഞ്ഞ ദിവസം രാജ്യവ്യാപകമായി 40 കേന്ദ്രങ്ങളില്‍ സി.ബി.ഐ നടത്തിയ റെയ്ഡിലാണ് ഇവര്‍ അറസ്റ്റിലായത്.

ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങി എന്‍ജിഒകള്‍ക്ക് അനധികൃതമായി വിദേശ സഹായ നിയന്ത്രണ നിയമ (എഫ്.സി.ആര്‍.എ) പ്രകാരമുള്ള അംഗീകാരം നല്‍കിയെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പരാതി. ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടന പ്രതിനിധികള്‍, ഇടനിലക്കാര്‍ എന്നിവരാണ് പിടിയിലായത്.

ഹവാല വഴി രണ്ട് കോടിയോളം രൂപയുടെ അനധികൃത ഇടപാടുകള്‍ നടത്തിയതായും കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചന. ഡല്‍ഹി, രാജസ്ഥാന്‍, ചെന്നൈ, മൈസൂരു തുടങ്ങിയ നഗരങ്ങളിലാണ് റെയ്ഡ് നടന്നത്. ആഭ്യന്തരവകുപ്പിലെ ഉദ്യോഗസ്ഥര്‍, എന്‍.ജി.ഒ പ്രതിനിധികള്‍, മറ്റ് ഇടനിലക്കാര്‍ എന്നിവരെ ലക്ഷ്യമിട്ടാണ് സി.ബി.ഐ പരിശോധന നടക്കുന്നത്. പന്ത്രണ്ട് എന്‍ജിഒകള്‍ അന്വേഷണത്തിലാണെന്ന് പ്രീമിയര്‍ അന്വേഷണ ഏജന്‍സി അറിയിച്ചു.