നെഹ്‌റു കോടതിയില്‍ കള്ളം പറഞ്ഞിട്ടില്ല; കേന്ദ്രത്തെ പരിഹസിച്ച് മഹുവ മൊയ്ത്ര

ജവഹര്‍ലാല്‍ നെഹ്റുവിന് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളാണ് തങ്ങള്‍ ചെയ്യുന്നത് എന്ന കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദത്തെ പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. നെഹ്റു കോടതിയില്‍ കള്ളം പറഞ്ഞിട്ടില്ലെന്നും ജനങ്ങള്‍ക്ക് മേല്‍ ചാരവൃത്തി നടത്തിയിട്ടില്ലെന്നും മൊയ്ത്ര ട്വീറ്റ് ചെയ്തു. രാജ്യദ്രോഹ നിയമവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവെ കോടതിയില്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത് നെഹ്റുവിന് ചെയ്യാനാകാത്ത കാര്യങ്ങളാണ് കേന്ദ്രം ചെയ്യുന്നതെന്ന് അവകാശപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് മഹുവ മൊയ്ത്രയുടെ പ്രതികരണം.

‘ശരിയാണ് സര്‍, നെഹ്റു കോടതിയില്‍ കള്ളം പറഞ്ഞിട്ടില്ല. ജനങ്ങള്‍ക്ക് മേല്‍ ചാരവൃത്തി നടത്തിയിട്ടില്ല. നിരപരാധികളെ അറസ്റ്റു ചെയ്യുകയോ വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെ തുറുങ്കിലടക്കുകയോ ചെയ്തിട്ടില്ലെന്നുമാണ് മൊയ്ത്ര ട്വീറ്റ് ചെയ്തത്. ജനാധിപത്യത്തിലെ മഹത്തായ ദിനമാണിന്ന്. രാജ്യദ്രോഹ നിയമം സ്റ്റേ ചെയ്യപ്പെട്ടിരിക്കുന്നുവെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.

രാജ്യദ്രോഹ നിയമം നിന്ദ്യമാണ്, ഒരുഘട്ടം പിന്നിടുമ്പോള്‍ ഇത് ഒഴിവാക്കേണ്ടി വരുമെന്ന് നെഹ്റു പറഞ്ഞിട്ടുണ്ടെന്നുംഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയില്‍ പറഞ്ഞിരുന്നു. ഇതിന് മറുപടി ആയാണ് ‘പണ്ഡിറ്റ് നെഹ്റുവിന് ചെയ്യാന്‍ കഴിയാത്തതാണ് നിലവിലെ ഗവണ്‍മെന്റ് ചെയ്യുന്നത്’ എന്ന് തുഷാര്‍ മേത്ത വാദിച്ചത്.

അതേ സമയം രാജ്യദ്രോഹക്കുറ്റം സുപ്രീംകോടതി മരവിപ്പിച്ചു. 124 എ വകുപ്പ് ചുമത്തി ഇനി എഫ് ഐആര്‍ ഇടരുതെന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശം. ഇതോടെ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ഇത്തരത്തില്‍ പുതിയ കേസെടുക്കാനാവില്ല. പുനപരിശോധന നടത്തുന്നത് വരെ സ്റ്റേ തുടരും.