ഇന്ത്യയുടെ നിര്‍ണായക നീക്കങ്ങള്‍ ഫലം കണ്ടു; മസൂദ് അസറിനെ യു.എന്‍ ആഗോള ഭീകരനായി പ്രഖ്യാപിച്ചു

ഇന്ത്യയുടെ നിര്‍ണായക നയതന്ത്ര നീക്കങ്ങള്‍ക്ക് ഫലം. പാക്ക് ഭീകരസംഘടനയായ ജയ്‌ഷെമുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി യു.എന്‍ പ്രഖ്യാപിച്ചു. മസൂദ് അസറിനെ ഐക്യരാഷ്ട്ര സംഘടനയുടെ കരിമ്പട്ടികയില്‍ പെടുത്താനുള്ള ഇന്ത്യയുടെ വളരെ നാളത്തെ ശ്രമങ്ങളാണ് ഇന്ന് വിജയിച്ചത്. ഇന്ത്യയുടെ നീക്കത്തെ നാലുവട്ടം എതിര്‍ത്ത ചൈന ഇത്തവണ അനുകൂലിച്ചതോടെയാണ് നയതന്ത്രനേട്ടം കൈവരിച്ചത്.

നേരത്തെ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെയും അമേരിക്കയുടെയും സമ്മര്‍ദ്ദ നീക്കത്തെ ശക്തമായി എതിര്‍ത്ത് ചൈന രംഗത്ത് എത്തിയിരുന്നു. മസൂദ് അസറിനെതിരായ നീക്കങ്ങളെ ഭീകരവിരുദ്ധ സമിതിയില്‍ ചൈന തുടര്‍ച്ചയായി വീറ്റോ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് അമേരിക്ക സുരക്ഷാസമിതിയെ നേരിട്ട് സമീപിക്കാന്‍ തീരുമാനിച്ചത്. പ്രമേയത്തിന്റെ കരട് അംഗരാഷ്ട്രങ്ങള്‍ക്ക് വിതരണം ചെയ്തിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിനു ശേഷമാണ് മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ഇന്ത്യ വീണ്ടും രംഗത്തെത്തിയത്.

ഐക്യരാഷ്ട്ര സംഘടനയുടെ ഇസ്ലാമിക് സ്റ്റേറ്റ് ആന്‍ഡ് അല്‍ ഖായിദ സാങ്ഷന്‍സ് കമ്മിറ്റി മസൂദ് അസ്‌റിനെ ഭീകരനായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഇയാളെ ഭീകരനായി മുദ്ര കുത്തുന്നതിനെതിരെ എടുത്ത നിലപാട് മാറ്റാന്‍ യുഎസ്, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ ചൈനയ്ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.