ഭാരത് മാതാ കീ ജയ് വിളിക്കുന്നതല്ല ദേശസ്‌നേഹം, ആളുകളെ വേര്‍തിരിക്കുന്നവര്‍ മുദ്രാവാക്യം വിളിക്കുന്നതില്‍ അര്‍ഥമില്ല: വെങ്കയ്യ നായിഡു

ഭാരത് മാതാ കീ ജയ് വിളിക്കുന്നത് മാത്രമല്ല ദേശസ്‌നേഹമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ജാതി, നഗര-ഗ്രാമ വ്യത്യാസത്തിന്റെ പേരില്‍ ആളുകളെ വേര്‍തിരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി യൂനിവേഴ്‌സിറ്റിയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നായിഡു.

ആളുകളെ നഗര-ഗ്രാമ, ജാതി വ്യത്യാസം ഉപയോഗിച്ച് വേര്‍തിരിക്കുന്നവര്‍ ഭാരത് മാതാ കീ ജയ് വിളിക്കുന്നതില്‍ അര്‍ഥമില്ലെന്നും നായിഡു വ്യക്തമാക്കി. സാമൂഹിക തിന്മകള്‍, മതഭ്രാന്ത്, മുന്‍വിധികള്‍ എന്നിവക്കെതിരായ പോരാട്ടത്തില്‍ മുന്‍നിരയില്‍ ആയിരിക്കണം യുവാക്കള്‍.

പുതിയ ഇന്ത്യ അഴിമതി, ഭയം, വിശപ്പ് നിരക്ഷരത എന്നിവയില്‍ നിന്നും മുക്തമായിരിക്കുമെന്ന് അദ്ദേഹം ചൂണ്ടികാട്ടി. പരമ്പരാഗത മൂല്യങ്ങളെ സംരക്ഷിക്കാന്‍ പഠിക്കണം. എല്ലാവരെയും നിശിതമായി വിമര്‍ശിക്കുന്നത് ഒഴിവാക്കുകയും ഒരു ക്രിയാത്മക മനോഭാവം വളര്‍ത്തുകയും വേണമെന്നും ധൈര്യമുള്ള യുവാക്കളിലാണ് രാജ്യത്തിന്റെ ഭാവിയെന്നും വെങ്കയ്യ നായിഡു പറഞ്ഞു.