ദേശീയ സുരക്ഷയിലും അഖണ്ഡതയിലും വിട്ടുവീഴ്ച പാടില്ല; പ്രധാനമന്ത്രി രാജ്യത്തെ സംരക്ഷിക്കണമെന്ന് രാഹുല്‍ഗാന്ധി

കിഴക്കന്‍ ലഡാക്കിലെ പാംഗോങ് സോ തടാകത്തില്‍ ചൈന രണ്ടാമത്തെ പാലം നിര്‍മ്മിക്കുകയാണെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് പ്രധാനമന്ത്രിയെയും കേന്ദ്രസര്‍ക്കാരിനെയും വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ദേശീയ സുരക്ഷയിലും അഖണ്ഡതയിലും വിട്ടുവീഴ്ച കാണിക്കാന്‍ പാടില്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

ചൈനയുടെ പാലം നിര്‍മ്മിക്കാനുള്ള നീക്കം നിരീക്ഷിച്ച് വരികയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് രാഹുലിന്റെ പ്രതികരണം. ചൈന പാംഗോങ് തടാകത്തില്‍ ആദ്യത്തെ പാലം നിര്‍മ്മിച്ചപ്പോള്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ് എന്നാണ് കേന്ദ്രം പ്രതികരിച്ചത്. ഇപ്പോള്‍ രണ്ടാമത് പാലം നിര്‍മ്മിക്കുമ്പോഴും സ്ഥിതഗതികള്‍ നിരീക്ഷിക്കുകയാണെന്നാണ് കേന്ദ്രം പറയുന്നതെന്നും അദ്ദേഹ ട്വിറ്ററില്‍ കുറിച്ചു. ദേശീയ സുരക്ഷയിലും അഖണ്ഡതയിലും വിട്ടുവീഴ്ച പാടില്ല. ഭീരുത്വ, ശാന്ത പ്രതികരണം മതിയാവില്ല, പ്രധാനമന്ത്രി രാജ്യത്തെ സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാലയും നേരത്തെ കേന്ദ്രത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. രാജ്യത്തിന്റെ ദേശീയ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യുന്ന കേന്ദ്ര നിലപാട് ഭയാനകമാണ്. ഇന്ത്യയുടെ പ്രാദേശിക അഖണ്ഡത ലംഘിക്കുന്നത് ചൈന തുടരുന്നു. നരേന്ദ്രമോദി ഭരണകൂടം രാജ്യത്തിന്റെ മണ്ണ് കൈവിടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.