
ഇന്ത്യയെ പോലെ പാകിസ്താനെയും സ്നേഹിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. പാകിസ്താനിലെ കറാച്ചിയില്‍ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയെ സ്നേഹിക്കുന്നതുകൊണ്ട് താന്‍ പാകിസ്താനെയും സ്നേഹിക്കുന്നു. അയല്‍ക്കാരനെ തന്നെപ്പോലെ തന്നെ സ്നേഹിക്കണമെന്ന് മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. പ്രസ്താവനയെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധിപേര്‍ രംഗത്തെത്തി.

ഉഭയകക്ഷി പ്രാധാന്യമുള്ള വിഷയങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് വേണ്ട നയം പാകിസ്താന് സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍, ന്യൂഡല്‍ഹി ഈ നയം സ്വീകരിച്ചിട്ടില്ലെന്നും അയ്യര്‍ കുറ്റപ്പെടുത്തി. കാശ്മീര്‍, ഇന്ത്യയെ ലക്ഷ്യമാക്കിയുള്ള ഭീകരപ്രവര്‍ത്തനം എന്നിവയാണു പരിഹാരം കാണേണ്ട രണ്ടു പ്രധാന പ്രശ്നങ്ങള്‍. പാകിസ്താന്റെ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ സര്‍ക്കാര്‍ രൂപം കൊടുത്ത ചട്ടക്കൂടു സ്വീകരിക്കുകയാണ് ഇരുരാജ്യങ്ങളും ചെയ്യേണ്ടതെന്നും അയ്യര്‍ പറഞ്ഞു.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വിഷയങ്ങള്‍ പരിഹരിക്കാന്‍ ഒരേയൊരു വഴിയേയുള്ളു. മുടങ്ങാത്തതും മുടക്കാനാവാത്തതുമായ ചര്‍ച്ച. നിരന്തരമായ ചര്‍ച്ചയിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് മണിശങ്കര്‍ അയ്യര്‍ പ്രത്യാശ പ്രകടിപ്പിച്ചു. നിറഞ്ഞ കരഘോഷത്തോടെയാണ് അയ്യരുടെ പ്രസംഗത്തെ കേള്‍വിക്കാര്‍ വരവേറ്റത്.