"രാജ്യസഭ രണ്ടാമത്തെ ഭവനമായിരിക്കാം, പക്ഷേ അപ്രധാന ഭവനമല്ല"; പാർലമെന്റിൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയെ ഉദ്ധരിച്ച്‌ മോദി

രാജ്യസഭ രണ്ടാമത്തെ ഭവനമായിരിക്കാം, പക്ഷേ ഒരിക്കലും അത് അപ്രധാനമായ ഭവനമല്ലെന്ന് 250 സമ്മേളനങ്ങൾ പൂർത്തിയാക്കിയ പാർലമെന്റിന്റെ ഉപരിസഭയ്ക്ക് നൽകിയ കൃതജ്ഞതാ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി.

സംസ്ഥാനങ്ങൾക്ക് പ്രാതിനിധ്യം ലഭിക്കുന്നിടമാണ് രാജ്യസഭ. ശാസ്ത്രജ്ഞർ, കലാ-കായിക മേഖലയിലെ വ്യക്തിത്വങ്ങൾ തുടങ്ങി, ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെടാതെ എത്തിയ നിരവധി പേരുടെ സാന്നിദ്ധ്യത്തിലൂടെ രാജ്യസഭക്ക് പ്രയോജനം ഉണ്ടായിട്ടുണ്ട്, മോദി അഭിപ്രായപ്പെട്ടു.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മത്സരിക്കാതെ രാഷ്ട്രത്തെ മുന്നോട്ട് കൊണ്ടുപോകാൻ യോജിച്ച് പ്രവർത്തിക്കണം. സംസ്ഥാനങ്ങളുടെയും രാജ്യത്തിന്റെയും വികസനം രണ്ട് വ്യത്യസ്ത കാര്യങ്ങളല്ല, അവ പരസ്പരം നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. രാജ്യസഭ ഈ വികാരത്തെ മികച്ച രീതിയിൽ പഠിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു, ”അദ്ദേഹം പറഞ്ഞു.

“നമ്മുടെ രണ്ടാമത്തെ ഭവനത്തെ (രാജ്യസഭ) അപ്രധാന ഭവനമായി പരിഗണിക്കുക എന്ന പിഴവ് ആരും വരുത്തരുത്. ഇന്ത്യയുടെ വികസനത്തിന് പിന്തുണ നൽകുന്ന ഒന്നായി രാജ്യസഭ തുടരണം.” 2003- ൽ രാജ്യസഭയുടെ 200-ാമത് സമ്മേളനത്തിൽ അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി പറഞ്ഞ വാക്കുകളെ ഉദ്ധരിച്ച് പ്രധാനമന്ത്രി മോദി പറഞ്ഞു.