മെഡിക്കൽ വിദ്യാഭ്യാസ മേഖലയ്ക്ക് നൽകിയ ‘കനപ്പെട്ട സംഭാവന‌’; മോദിക്ക് പാരഡി നൊബേൽ

നൊബേൽ സമ്മാനത്തിന്റെ ഹാസ്യാനുകരണമായ ‘ഇഗ്‌ നൊബേൽ’ സമ്മാനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി അർഹനായി‌. മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് നൽകിയ ‘കനപ്പെട്ട’ സംഭാവനകൾ പരിഗണിച്ചാണ് മോദിയെ തിരഞ്ഞെടുത്തത്.

‘മഹാമാരി കാലത്ത്‌ ജനങ്ങളുടെ ജീവൻമരണ പ്രശ്‌നങ്ങളിൽ ഡോക്ടർമാരേക്കാളും ഗവേഷകരേക്കാളും ഉടനടി പരിഹാരം കണ്ടെത്താൻ കഴിയുന്നത്‌ രാഷ്ട്രീയക്കാർക്കാണെന്ന വിലയേറിയ പാഠം പഠിപ്പിച്ചതിനാണ്‌ മോഡിക്ക്‌ പുരസ്‌കാരം‌‌’– ഇ​ഗ് നൊബേൽ സമിതി അറിയിച്ചു.

മോദിക്കൊപ്പം അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌, ബ്രസീൽ പ്രസിഡന്റ്‌ ജെയ്‌ർ ബോൽസനാരോ, ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ബോറിസ്‌ ജോൺസൺ തുടങ്ങിയവരും പുരസ്കാരം പങ്കിടും.

‘പുരസ്‌കാരം’ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ്‌ മോദി. ‘ആറ്റംബോംബുകളുടെ സമാധാനപരമായ സ്‌ഫോടനങ്ങൾ സംഘടിപ്പിച്ചതിന്’‌ 1998-ൽ അടൽബിഹാരി വാജ്‌പേയിക്ക് നേരത്തെ ഇ​ഗ് നൊബേൽ നൽകിയിരുന്നു.

1991 മുതൽ എല്ലാ വർഷവും ഇംപ്രോബബിൾ റിസർച്ച് എന്ന സംഘടനയാണ് ഈ പുരസ്‌കാരം നൽകി വരുന്നത്. ‘ആദ്യം ആളുകളെ ചിരിപ്പിക്കുക, തുടർന്ന് അവരെ ചിന്തിപ്പിക്കുക’ എന്നതാണ് അവാർഡിന്റെ ലക്ഷ്യം.