പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ "വെട്ടിത്തുറന്ന, ഉയർന്ന നിലവാരമുള്ള സംവാദങ്ങൾ" ഉണ്ടാവണമെന്ന് പ്രധാനമന്ത്രി മോദി

പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ എല്ലാ വിഷയങ്ങളിലും വെട്ടിത്തുറന്ന ചർച്ചകൾ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സമ്മേളനം ആരംഭിക്കുന്നതിനു മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. “ഏറ്റവും മികച്ച ചർച്ചകളാണ് നമുക്ക് ആവശ്യം, കഴിഞ്ഞ സമ്മേളനത്തിൽ ചെയ്തതു പോലെ എല്ലാ പാർട്ടികളും ക്രിയാത്മകവും സജീവവുമായ രീതിയിൽ സംഭാവന നൽകുമെന്ന് പ്രതീക്ഷിക്കുന്നു,” പ്രധാനമന്ത്രി മോദി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“ഇത് 2019- ലെ അവസാന പാർലമെന്റ് സമ്മേളനമാണ്. ഈ സമ്മേളനം വളരെ പ്രധാനമാണ്, കാരണം ഇത് രാജ്യസഭയുടെ 250-ാമത് പാർലമെന്റ് സമ്മേളനമാണ്. നമ്മുടെ ഭരണഘടന 70 വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി ഈ സമ്മേളനത്തിൽ 26- ന് ഞങ്ങൾ ഭരണഘടനാ ദിനം ആചരിക്കും.” പ്രധാനമന്ത്രി പറഞ്ഞു. ജനകേന്ദ്രീകൃതവും വികസനപരവുമായ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. കഴിഞ്ഞ സെഷനിൽ അഭൂതപൂർവമായ നേട്ടങ്ങൾ നടന്നത് ട്രഷറി ബെഞ്ചുകൾ മാത്രമല്ല, എല്ലാ പാർട്ടികളും വഹിച്ച ക്രിയാത്മക പങ്ക് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

ശീതകാല സമ്മേളനം ഡിസംബർ 13 വരെ നടക്കും. സാമ്പത്തിക മാന്ദ്യം, തൊഴിൽ നഷ്ടം, കാർഷിക പ്രതിസന്ധി, ജമ്മു കശ്മീരിലെ രാഷ്ട്രീയ നേതാക്കളെ തുടർച്ചയായി തടങ്കലിൽ വെയ്ക്കൽ തുടങ്ങിയ ആശങ്കകൾക്കിടയിലാണ് സമ്മേളനം.