പരസ്യ പ്രചാരണം അവസാനിച്ചിട്ടും നമോ ടി വിക്ക് കുലുക്കമില്ല, സംപ്രേഷണം തുടർന്നതിൽ കമ്മീഷന്റെ നോട്ടീസ്

ദല്‍ഹിയില്‍ പരസ്യപ്രചാരണം അവസാനിച്ചിട്ടും നമോ ടി.വിയിലൂടെ തിരഞ്ഞെടുപ്പ് പരിപാടികള്‍ സംപ്രേഷണം ചെയ്ത ബി.ജെ.പിക്ക് ദല്‍ഹി തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. തിരഞ്ഞെടുപ്പ് കമ്മീഷൻ സി.ഇ.ഒ രണ്‍ബീര്‍ സിങ് ആണ് ബി.ജെ.പിക്ക് നോട്ടീസ് അയച്ചതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.

മെയ് 12ന് പോളിംഗ് ബൂത്തിലെത്തുന്ന ദല്‍ഹിയില്‍ വെള്ളിയാഴ്ച മുതല്‍ പരസ്യപ്രചാരണങ്ങള്‍ പാടില്ലെന്ന് കഴിഞ്ഞ ദിവസം കമ്മീഷന്‍ അറിയിച്ചിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം ആറു മുതല്‍ തിങ്കളാഴ്ച രാവിലെ ആറു വരെ 48മണിക്കൂര്‍ തലസ്ഥാന നഗരിയില്‍ പരസ്യപ്രചാരണത്തിന് വിലക്കുണ്ട്.

ശനിയാഴ്ച വൈകിട്ടോടെ നോട്ടീസിന് മറുപടി നല്‍കണമെന്ന് ബി.ജെ.പിയോട് കമ്മീഷന്‍ ആവശ്യപ്പെട്ടതായി ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപ്പോര്‍ട്ടു ചെയ്യുന്നു. നേരത്തെ നമോ ടി.വി ഉള്‍പ്പടെയുള്ള മാധ്യമങ്ങളിലൂടെ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് സമിതിയുടെ(എം.സി.എം.സി) അംഗീകാരമുള്ള പരിപാടികള്‍ മാത്രമേ സംപ്രേഷണം ചെയ്യാന്‍ അനുവദിക്കാവൂ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ദല്‍ഹി സര്‍ക്കാറിനും മാധ്യമ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു.

നമോ ടി.വിയില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടികള്‍ എം.സി.എം.സിയുടെ അനുവാദത്തോടയല്ല സംപ്രേഷണം ചെയ്യുന്നതെന്ന് കാണിച്ച് ദല്‍ഹിയിലെ തെരഞ്ഞെടുപ്പ് ഓഫീസര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ കത്തയച്ചിരുന്നു.

48 മണിക്കൂര്‍ പരസ്യപ്രചാരണം പാടില്ലെന്ന നിയമം നമോ ടി.വിക്കും ബാധകമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ നിയമങ്ങള്‍ ലംഘിക്കുന്നില്ലെന്നും, മുന്‍കൂറായി സര്‍ട്ടിഫിക്കറ്റ് ലഭിച്ച പരിപാടികള്‍ മാത്രമാണ് സംപ്രേഷണം ചെയ്യുന്നതെന്നുമായിരുന്നു ബി.ജെ.പിയുടെ പ്രതികരണം.