എന്റെ നാട് കത്തിയെരിയുമ്പോള്‍ ഞാന്‍ എങ്ങനെയാണ് പാടുന്നത്; ഡല്‍ഹിയിലെ സംഗീത നിശ ഉപേക്ഷിച്ചുവെന്ന് പാപോണ്‍

പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. പ്രതിഷേധം ഏറ്റവും ശക്തമായിരിക്കുന്നത് അസമിലാണ്. ഇപ്പോഴിതാ ഡല്‍ഹിയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സംഗീതവിരുന്ന് മാറ്റിവെച്ചിരിക്കുകയാണ് പ്രശസ്ത പിന്നണി ഗായകന്‍ പാപോണ്‍. തന്റെ നാടായ അസം കത്തിയെരിയുമ്പോള്‍ മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ പാട്ട് പാടാന്‍ തനിക്കാവില്ലെന്ന് പറഞ്ഞാണ് അദ്ദേഹം സംഗീത നിശ ഉപേക്ഷിച്ചത്.

പ്രിയ ഡല്‍ഹി. നാളത്തെ പരിപാടിയില്‍ പങ്കെടുക്കേണ്ടന്ന് ഞാന്‍ തീരുമാനിച്ചിരിക്കുന്നു. ഈ പെരുമാറ്റത്തില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു. കാരണം എന്റെ സംസ്ഥാനമായ അസം കത്തുകയാണ്. അത് നിരോധനാജ്ഞയ്ക്ക് കീഴിലാണ്. ഈ അവസ്ഥയില്‍ നിങ്ങളെ സന്തോഷിപ്പിക്കാന്‍ എനിക്ക് കഴിയില്ല അദ്ദേഹം പറഞ്ഞു.

അതേസമയം, ബില്ലിനെതിരെ അസമില്‍ നടക്കുന്ന പ്രതിഷേധത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവെയ്പ്പിലാണ് രണ്ടു പേര്‍ക്ക് ജീവന്‍ നഷ്ടമായത്.